കാസർഗോഡ്. കരിന്തളം ഗവ.കോളജിൽ വ്യാജരേഖ ചമച്ച് കെ.വിദ്യ നിയമനം നേടിയ കേസിൽ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. കോളജ് അധികൃതരുടെ മൊഴി രേഖപ്പെടുത്തി. നിയമന രേഖകളും പൊലീസ് പരിശോധിച്ചു. അതേസമയം വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിൽ അട്ടപ്പാടി കോളജും പൊലീസിൽ പരാതി നൽകി
വ്യാജ രേഖ ഉപയോഗിച്ച് നിയമനം നേടിയ കേസിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കെ. വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തത്. തുടർന്ന് കോളജിലെത്തി പൊലീസ് പരിശോധന നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജിന്റെയും മറ്റ് കോളജ് അധികൃതരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. കെ. വിദ്യയുടെ നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും കോളജ് അധികൃതർ പൊലീസിന് കൈമാറി.
വിദ്യ നിയമനം നേടിയതിൽ കോളജിൽ നിന്ന് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കൂടി പൊലീസ് അന്വേഷിക്കും.
അതേസമയം അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് തിടുക്കപ്പെട്ട് കടക്കാൻ സാധ്യതയില്ല. മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ എസ്പീരിയൻസ് ഉപയോഗിച്ച് 2022 – 23 അക്കാദമിക് കാലയളവിലാണ് കരിന്തളം ഗവ. കോളജിൽ ജോലി ചെയ്തതാണ്. അതിനിടെ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച് നിയമനത്തിന് ശ്രമിച്ചതിൽ അട്ടപ്പാടി കോളജ് പ്രിൻസിപ്പലും പൊലീസിൽ പരാതി നൽകി. നിയമനത്തിനായി കെ. വിദ്യ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയെന്ന് ചൂണ്ടിക്കാട്ടി അഗളി പൊലീസിലാണ് പരാതി നൽകിയത്