ഇന്നലെ രാത്രി മുതല്‍ അരിക്കൊമ്പന്റെ സഞ്ചാരപാത കണ്ടെത്താനാകുന്നില്ലെന്ന് തമിഴ്നാട് വനംവകുപ്പ്. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്നും അവസാനമായി സിഗ്‌നല്‍ ലഭിച്ചത് കോതായാര്‍ വനമേഖലയില്‍ നിന്നാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആന ഉള്‍വനത്തില്‍ കയറിയത് കൊണ്ടാവാം സിഗ്‌നല്‍ ലഭിക്കാത്തതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് പരിശോധന നടത്തുന്നുണ്ട്.
ചൊവ്വാഴ്ചയാണ് അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ തുറന്നു വിട്ടത്. കോതയാര്‍ ഡാമിനു സമീപത്തു തന്നെയായിരുന്നു കഴിഞ്ഞ രണ്ടുദിവസമായി അരിക്കൊമ്പന്‍ ഉണ്ടായിരുന്നത്.