കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനത്തിന് ഇന്ന് അര്‍ധ രാത്രി മുതല്‍ തുടക്കമാകും. ജൂലൈ 31 അര്‍ധരാത്രിവരെയാണ് നിരോധനം. നിരോധനത്തെ തുടര്‍ന്ന് ദിവസങ്ങളോളം കടലില്‍ കഴിയുന്ന വലിയ ബോട്ടുകള്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇതര സംസ്ഥാന ബോട്ടുകള്‍ തീരം വിടും. എന്നാല്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനു വിലക്കില്ല.
പ്രകൃതിക്ഷോഭത്തില്‍ വള്ളങ്ങള്‍ അപകടത്തില്‍പെട്ടാല്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനു ഫിഷറീസ് വകുപ്പ് ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ ബോട്ടുകളില്‍ പോയിരുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും. അനുബന്ധ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം.
പ്രധാനപ്പെട്ട തീരദേശ മേഖലയായ നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ തുറമുഖകളില്‍ നിരോധനം കൂടുതല്‍ ശക്തമാക്കും. ജൂണ്‍- ജൂലൈ മാസത്തെ ട്രോളിങ് നിരോധനം അശാസ്ത്രീയമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 52 ദിവസം നീണ്ടുനില്‍ക്കുന്ന നിരോധനത്തിനാണ് ഇന്ന് അര്‍ദ്ധരാത്രി തുടക്കമാകുന്നത്.