തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഇല്ലാത്ത യാത്രികർ, ഡ്രൈവിംഗിനിടയിലെ ഫോൺ ഉപയോഗം, ടൂവീലറുകളിലെ ട്രിപ്പിളടി, അമിതവേഗം, റെഡ് സിഗ്നൽ ലംഘനം തുടങ്ങിയ നിരവധി നിയമലംഘനങ്ങൾ എഐ ക്യാമറ പിടികൂടും. അതേസമയം തങ്ങൾ നിയമം ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ വല്ല സംവിധാനമുണ്ടോ എന്ന അന്വേഷണത്തിലാണ് പലരും.
കഴിഞ്ഞദിവസങ്ങളിൽ നിരത്തിലിറക്കിയ തങ്ങളുടെ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് പിഴയിട്ടോ എന്നും എത്രയാണ് പിഴയെന്നുമൊക്കെ എങ്ങനെ നേരത്തെ അറിയാമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പല വാഹന ഉടമകളും. നിയമലംഘനങ്ങളുടെ ചലാൻ വീട്ടിൽ എത്തുന്നതിനു മുമ്പു തന്നെ, നിങ്ങളും വണ്ടിയും റോഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ടോ എന്നറിയാൻ ചില വഴികളുണ്ട്. അതെങ്ങനെയെന്ന് അറിയാം
ആദ്യം https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ശേഷം ചെക്ക് ഓൺലൈൻ സർവീസസിൽ ‘ഗെറ്റ് ചലാൻ സ്റ്റാറ്റസ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ആ സമയം തുറക്കുന്ന വിൻഡോയിൽ മൂന്ന് വ്യത്യസ്ത ഓപ്ഷനുകൾ ദൃശ്യമാകും. ചലാൻ നമ്പർ, വാഹന നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പർ എടുത്താൽ വാഹന രജിസ്‌ഷ്രേൻ നമ്പർ രേഖപ്പെടുത്തുക. അതിന് താഴെ എഞ്ചിൽ അല്ലെങ്കിൽ ഷാസി നമ്പർ രേഖപ്പെടുത്തുക.
അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയിൽസ് കൊടുത്താൽ നിങ്ങളുടെ വാഹനത്തിന്റെ ചലാൻ വിവരങ്ങൾ അറിയാൻ സാധിക്കും. നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ദൃശ്യമാകും.
എം പരിവാഹൻ ആപ്പ് വഴി
പ്ലേ സ്റ്റോറിൽ നിന്ന് എം പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യുക
തുടർന്ന് ട്രാൻസ്‌പോർട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക
ചലാൻ റിലേറ്റഡ് സർവീസിൽ പ്രവേശിച്ച് ചലാൻ സ്റ്റാറ്റസ് പരിശോധിക്കാം.
എം പരിവാഹനിൽ ആർസി ബുക്കിന്റെ വിവരങ്ങൾ ചേർത്തിട്ടുള്ളവർക്ക് ആർസി നമ്പർ തിരഞ്ഞെടുത്താൽ ചെലാൻ വിവരങ്ങൾ ലഭിക്കും. അല്ലാത്തവർക്ക് വാഹനത്തിന്റെ റജിസ്‌ട്രേഷൻ നമ്പറും ഒപ്പം എൻജിൻ നമ്പറിന്റെയോ ഷാസി നമ്പറിന്റെയോ അവസാന അഞ്ച് അക്കങ്ങളും നൽകണം.
നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ദൃശ്യമാകും. വാഹനത്തിന് പിഴ ഉണ്ടെങ്കിൽ സ്പോട്ടിൽ തന്നെ തീർപ്പാക്കാനും പറ്റും. പിഴ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് തൊട്ടടുത്തുതന്നെ ‘പേ’ എന്ന ഓപ്ഷനും കാണാം. അതിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കാൻ സാധിക്കും.
പിഴ വിവരം
നോ പാർക്കിംഗ്- 250
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500
ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500
മൊബൈൽ ഉപയോഗിച്ചാൽ- 2000
അമിതവേഗം – 1500
റെഡ് ലൈറ്റും- ട്രാഫിക്കും മറികടന്നാൽ- ശിക്ഷ കോടതി തീരുമാനിക്കും