കാസർഗോഡ്. കരിന്തളം ഗവ.കോളജിൽ കെ.വിദ്യ വ്യാജരേഖ ചമച്ച് ജോലി നേടിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന ആരോപണവുമായി കെ.എസ്.യു.. മുൻ പ്രിൻസിപ്പലിനെ ഉൾപ്പടെ അന്വേഷണ പരിധിയിൽ കൊണ്ടുവരണം. വിഷയത്തിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ പറഞ്ഞു. അതേസമയം വ്യാജരേഖ കേസിൽ മുൻ പ്രിൻസിപ്പലിന്റെ ഉൾപ്പടെ കൂടുതൽ പേരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും
2022 മെയ് മാസത്തിൽ നടന്ന നിയമന നടപടികളിൽ കോളജ് അധികൃതരുടെ അറിവോടെ ബാഹ്യ ഇടപെടൽ ഉണ്ടായെന്നാണ് കെ.എസ്.യു വിന്റെ ആരോപണം. രണ്ട് ഘട്ടമായി വെരിഫിക്കേഷൻ നടത്തിയിട്ടും വ്യാജ രേഖയാണെന്ന് കണ്ടെത്താൻ സാധിക്കാത്തതിൽ ദുരൂഹതയുണ്ട്. വിഷയത്തിൽ വ്യക്തത വരുത്താൻ അഭിമുഖത്തിൽ പങ്കെടുത്ത മറ്റ് ഉദ്യോഗാർഥികളുടെ മാർക്ക് ഉൾപ്പടെയുള്ള വിവരങ്ങൾ പുറത്തുവിടണമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ ആവശ്യപ്പെട്ടു.
കോളജിൽ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് എസ്.എഫ്.ഐ യും, സിപിഎം നേതൃത്വവുമാണെന്നാണ് ആരോപണം. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു. അതേസമയം നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത വ്യാജരേഖ കേസിൽ മുൻ പ്രിൻസിപ്പലിന്റെ ഉൾപ്പടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യക്ക് നോട്ടീസ് അയക്കാനും സാധ്യതയുണ്ട്