2023 ജൂൺ 10 ശനി
കേരളീയം
🙏ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും. കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത.
🙏കനത്ത മഴയ്ക്കിടെ മതില് ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. കോട്ടയം കാരാപ്പുഴ വെള്ളരിക്കുഴി സോമന്റെ ഭാര്യ വല്‍സല (64) യാണു മരിച്ചത്. ബേക്കര്‍ ജംഗ്ഷനിലെ മതില് ഇടിഞ്ഞുവീണാണ് മരണം. തൃശൂര്‍ എളവള്ളിയില്‍ തെങ്ങ് കടപുഴകി വീണ് വയോധികയ്ക്ക് പരിക്ക്. മണച്ചാല്‍ പാട്ടത്തില്‍ വീട്ടില്‍ കാളിക്കുട്ടി (80) യ്ക്കാണ് പരിക്കേറ്റത്.
🙏പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുനര്‍ജനി പദ്ധതിക്കു വിദേശത്തുനിന്നു പണം പിരിച്ചതിനെക്കുറിച്ചാണ് അന്വേഷണം. പ്രളയത്തിനുശേഷം സതീശന്റെ മണ്ഡലമായ പറവൂരില്‍ നടപ്പാക്കിയതാണു പുനര്‍ജനി പദ്ധതി.
🙏ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത് 4.58 ലക്ഷം വിദ്യാര്‍ത്ഥികള്‍. എസ്എസ്എല്‍സി പാസായ 4.22 ലക്ഷം പേരും സിബിഎസ്ഇ സിലബസ് പഠിച്ച 25,350 പേരും ഐസിഎസ് സി സിലബസ് പഠിച്ച 2,627 പേരും ഇതില്‍ ഉള്‍പെടുന്നു.
🙏കാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ റോഡ് അപകടങ്ങളും മരണങ്ങളും കുറഞ്ഞെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തില്‍ ദിവസേന ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ് ഉണ്ടായിരുന്നത്. ക്യാമറ സ്ഥാപിച്ചതിനു ശേഷം എട്ടായി കുറഞ്ഞു. കാമറകള്‍ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ കൂടുതല്‍ കാറിലെ മുന്‍സിറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണ്. ഇത്തരം 7,896 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചത് 6,153 പേരാണ്. മന്ത്രി പറഞ്ഞു.
🙏സംസ്ഥാനത്തു കോണ്‍ഗ്രസില്‍ ചേരിപ്പോര്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ എ, ഐ ഗ്രൂപ്പു നേതാക്കള്‍ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ യോഗം ചേര്‍ന്നു. ഗ്രൂപ്പ് പോര് ഒഴിവാക്കാന്‍ സമവായ ചര്‍ച്ചയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല എ ഗ്രൂപ്പു നേതാവ് എം.എം. ഹസന് എന്നിവരുമായി കെപിസിസി ഓഫീസില്‍ ചര്‍ച്ച നടത്തി. കെപിസിസി പ്രസിഡന്റിനോടു കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമുണ്ട്. പരിഹാരമുണ്ടാകുമോ എന്ന് നോക്കാം. ചെന്നിത്തല പറഞ്ഞു.
🙏കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം വെറും ചെറിയ കാറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. എല്ലാ പ്രശ്നങ്ങളും പറഞ്ഞ് തീര്‍ക്കും. ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തെക്കുറിച്ച് അറിയില്ല. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പുതിയ നിയമനങ്ങള്‍ ചര്‍ച്ച നടത്തിയാണു നടത്തിയതെന്നും സുധാകരന്.
🙏കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റുമാരുടെ നിയമനത്തില്‍ നേതൃത്വത്തിനെതിരേ ഉമ്മന്‍ ചാണ്ടിയെ കരുവാക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. എ ഗ്രൂപ്പിലെ ചില നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ ബംഗളൂരില്‍ പോയി കണ്ടു ചര്‍ച്ച നടത്തിയിരുന്നു. രോഗാവസ്ഥയില്‍ അദ്ദേഹത്തെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നു തിരുവഞ്ചൂര്‍ പറഞ്ഞു.
🙏കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാമിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് കര്‍ഷകനായ രാജേന്ദ്രന് നായര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി.
🙏കെ. വിദ്യ പിഎച്ച് ഡി പ്രവേശനം നേടിയതില്‍ കേസെടുത്ത് പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്. സംവരണം അട്ടിമറിച്ചാണോ പ്രവേശനം നേടിയതെന്നാണ് കമ്മീഷന് അന്വേഷിക്കുന്നത്. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് കാലടി സര്‍വ്വകലാശാല രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്കി.
🙏കെ ഫോണ്‍ പദ്ധതിക്കായി ചൈനയില്‍ നിര്‍മ്മിച്ച ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വാങ്ങിയത് അസ്വാഭാവികവും ദുരൂഹവുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയില്‍ നിരവധി കമ്പനികള്‍ കേബിള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. എന്തിനാണ് ചൈനയില്‍നിന്നു വാങ്ങിയതെന്ന് ഉത്തരവാദികള്‍ വിശദീകരിക്കണം. അദ്ദേഹം പറഞ്ഞു.
🙏എഴുതാത്ത പരീക്ഷ ജയിച്ച സംഭവം എസ്എഫ്ഐയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. വിഷയത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നിരപരാധിയാണെന്ന് യോഗം വിലയിരുത്തി.
🙏പ്രണയത്തില്‍നിന്നു പിന്മാറാത്തതിന് അമ്പൂരി രാഖിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവ്. അഖില്‍, സഹോദരന് രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നീ മൂന്നു പ്രതികളും നാലു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവുശിക്ഷ അനുഭവിക്കണം. പിഴത്തുക പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണം. 2019 ജൂണ്‍ 21 നായിരുന്നു കൊലപാതകം.
🙏പുല്‍പ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പിനിരയായി ജീവനൊടുക്കിയ രാജേന്ദ്രന് നായരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നു കുടുംബം. ഒരു ഡയറിയില്‍നിന്ന് കണ്ടെത്തിയ കുറിപ്പില്‍ കെ കെ എബ്രഹാം, സജീവന് കൊല്ലപ്പള്ളി, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണു വിവരം. വീട്ടുകാര്‍ കുറിപ്പ് പോലീസിനു കൈമാറി.
🙏സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും യുഡിഎഫ് നേതാക്കളേയും വേട്ടയാടാന്‍ കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ ദ്രോഹിച്ചതിന്റെ കഥയാണ് എഡിജിപി ഹേമചന്ദ്രന്റെ ആത്മകഥയിലൂടെ പുറത്തുവന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്.
🙏കണ്ണൂരില്‍ ട്രെയിനില്‍ തീവയ്പു നടത്തിയ പ്രതി കൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ശ്രമിച്ചിരുന്നെന്നു മൊഴി. പ്രതി പ്രസൂണ്‍ ജിത് സിക്ദറാണ് ട്രെയിനിന്റെ 19 ാം കോച്ചും കത്തിക്കാന്‍ ശ്രമിച്ചിരുന്നന്നെന്നും പ്ലാസ്റ്റിക് കുപ്പി കത്തിച്ച് സീറ്റിലേക്ക് ഇട്ടിരുന്നുവെന്നും മൊഴി നല്‍കിയത്.
🙏തിരുവനന്തപുരം ആര്യന്‍കോട് മരം വീണ് അഞ്ചു തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഒരാളെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
🙏കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജിന് സംരക്ഷണം നല്കാന് പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം. കോട്ടയം ജില്ലാ പോലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എന്നിവര്‍ക്കാണ് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
🙏കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യുയുസി ആള്‍മാറാട്ട കേസില്‍ എസ്എഫ്ഐ നേതാവായിരുന്ന വിശാഖ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. വിശാഖിന്റെ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് നല്കാന് പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. ഒന്നാം പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ ഷൈജുവിനെ അറസ്റ്റു ചെയ്യരുതെന്നു കോടതി ഉത്തരവിട്ടിരുന്നു.
🙏അബ്കാരി കേസുകളിലെ സ്ഥിരം കുറ്റവാളിയില്‍നിന്ന് 20,000 രൂപ വാങ്ങിയെന്ന പരാതിയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. വയനാട് കല്‍പ്പറ്റ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ പി.സി സജിത്തിനെയാണ് സസ്പെന്‍ഡു ചെയ്തത്.
🙏ലെസ്ബിയന്‍ പങ്കാളി ഹഫീഫയെ കുടുംബം തടങ്കലില്‍ വച്ചിരിക്കുകയാണെന്ന പരാതിയുമായി സുമയ്യ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കി. മലപ്പുറം കൊണ്ടോട്ടിയിലെ സുമയ്യയ്ക്കും കൂട്ടുകാരി ഹഫീഫയ്ക്കും ഒന്നിച്ച് ജീവിക്കാന്‍ മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നതാണ്.
🙏പോക്സോ കേസില്‍ അറുപതുകാരന് അഞ്ചു ജീവപര്യന്തം തടവുശിക്ഷ. ബലാല്‍സംഗ കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പുതുശേരി സ്വദേശി അജിതനെയാണ് മറ്റൊരു ബലാത്സംഗ കേസില്‍ അഞ്ചു ജീവപര്യന്ത്യവും അഞ്ചേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. കുന്നംകുളം പോക്സോ കോടതിയാണു ശിക്ഷ വിധിച്ചത്.
ദേശീയം
🙏കോണ്‍ഗ്രസില്‍ പുനഃസംഘടന. കേരളത്തില്‍ നിന്നുള്ള പി.സി വിഷ്ണുനാഥിനും എഐസിസി സെക്രട്ടറി മന്‍സൂര്‍ അലി ഖാനും തെലങ്കാനയുടെ ചുമതല നല്കി. ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളുടെ ചുമതല എഐസിസി നേതാവ് ദീപക് ബാബരിയക്കാണ്. ശക്തിസിംഗ് ഗോഹിലിനെ ഗുജറാത്ത് പിസിസി അധ്യക്ഷനാക്കി. വി. വൈത്തിലിംഗം പുതുച്ചേരി പിസിസി അധ്യക്ഷനാവും.
🙏ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് നിയമ വിദഗ്ധരുടെ അഭിപ്രായം തേടി. ബില്ലുകളില്‍ തീരുമാനം വൈകിക്കുന്നത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി സര്‍വകലാശാല ചാന്‍സലര്‍ ആകണം എന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണര്‍ കാരണം ബിരുദദാന ചടങ്ങുപോലും മുടങ്ങിയെന്നും സ്റ്റാലിന് പറഞ്ഞു.
🙏മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഖോക്കന്‍ ഗ്രാമത്തിലെ വെടിവയപിലാണു മരണം. മണിപ്പൂര്‍ കലാപം അന്വേഷിക്കാന്‍ സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
🙏പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഖ്യം. 75,000 ത്തില്‍ പരം സീറ്റുകളിലേക്കാണ് മത്സരം. 2016 ലും 2021 ലും പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും ധാരണയോടെയാണ് മത്സരിച്ചത്.
🙏തമിഴ് നടനും സംവിധായകനുമായ ശരണ്‍ രാജ് വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയിലെ കെ കെ നഗറില്‍ മറ്റൊരു നടനായ പളനിയപ്പന്റെ കാറും ശരണിന്റെ ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
🙏ഷവോമി ടെക്നോളജി ഇന്ത്യ 5,551 കോടി രൂപയുടെ വിദേശപ്പണവിനിമയത്തില്‍ ചട്ട ലംഘനം നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നോട്ടീസ്. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്.
🙏താന്‍ എച്ച്ഐവി ബാധിനതാണെന്നും മരിച്ച 32 കാരി സരസ്വതി മകളെപ്പോലെയായിരുന്നെന്നും മുംബൈയില്‍ ലിവ് ഇന്‍ പാര്‍ട്ണറെ കൊലപ്പെടുത്തിയ പ്രതി മനോജ് സാനെ എന്ന 56 കാരന്. അവളെ കൊന്നിട്ടില്ല. വീട്ടിലെത്തുമ്പോള്‍ സരസ്വതി അബോധാവസ്ഥയിലായിരുന്നു. മരിച്ചെന്നു സംശയിച്ചു. വായില്‍ കൃത്രിമശ്വാസം നല്‍കിയെങ്കിലും രക്ഷപ്പെട്ടില്ല. അറസ്റ്റ് ഭയന്ന് മൃതദേഹം വെട്ടിനുറുക്കിയതെന്നും പ്രതി പറഞ്ഞു.
🙏വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട കാമുകിയെ കൊലപ്പെടുത്തി പോലീസില്‍ പരാതി നല്കിയ വിവാഹിതനായ പൂജാരി അറസ്റ്റിലായി. തെലങ്കാന സ്വദേശിയായ അപ്സരയെ കൊലപ്പെടുത്തി മാന്‍ ഹോളില്‍ തള്ളിയ വെങ്കിടസൂര്യ സായ് കൃഷ്ണ എന്ന ബില്‍ഡര്‍ കൂടിയായ പൂജാരിയെയാണു പോലീസ് അറസ്റ്റു ചെയതത്.
🙏സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ സാമ്പത്തിക വര്‍ഷം 50,000 കോടി രൂപ കടപ്പത്രങ്ങള്‍ വഴി സമാഹരിക്കും. ദീര്‍ഘകാല ബോണ്ടുകളോ ബേസല്‍ ബോണ്ടുകളോ പോലുള്ള കടപ്പത്രങ്ങള്‍ ഇറക്കിയാണു ധനസമാഹരണം നടത്തുക.
അന്തർദ്ദേശീയം
🙏ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രണ്ടു വര്‍ഷത്തിനകം മനുഷ്യരെ കൊല്ലുമെന്ന മുന്നറിയിപ്പുമായി യുകെ പ്രധാനമന്ത്രി റിഷി സുനകിന്റെ ഉപദേശകന്. സൈബര്‍, ജൈവ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ എഐയ്ക്ക് കഴിവുണ്ടെന്നാണ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഇന്വെന്ഷന് ഏജന്‍സിയുടെ ചെയര്മാന് കൂടിയായ മാറ്റ് ക്ലിഫോര്‍ഡ് പറയുന്നത്.
കായികം
🙏പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം. ഡയമണ്ട് ലീഗില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയ മൂന്നാമത്തെ ഇന്ത്യന്‍ താരമായ എം. ശ്രീശങ്കര്‍ 8.09 മീറ്റര്‍ ചാടിയാണ് മൂന്നാം സ്ഥാനം ഉറപ്പിച്ചത്. . ജാവലിന്‍ത്രോ താരം നീരജ് ചോപ്ര, ഡിസ്കസ്ത്രോ താരം വികാസ് ഗൗഡ എന്നിവരാണ് ഈ നേട്ടം മുന്‍പ് കൈവരിച്ചിട്ടുള്ളത്.
🙏ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയക്ക് 296 റണ്‍സിന്റെ ലീഡ്. മൂന്നാം ദിനം കളി ആരംഭിക്കുമ്പോള്‍ 151 ന് 5 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി 296 റണ്‍സിന് പുറത്തായി. 89 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടേയും 51 റണ്‍സെടുത്ത ശാര്‍ദുല്‍ ഠാക്കൂറിന്റേയും 109 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. തുടര്‍ന്ന രണ്ടാമിന്നിംഗ്സ ആരംഭിച്ച ഓസ്ട്രേലിയ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 123 ന് 4 എന്ന നിലയിലാണ്.
🙏ഗുസ്തി താരങ്ങള്‍ സമരം അവസാനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് ഒളിംപിക്സ് അസോസിയേഷന് അധ്യക്ഷ പിടി ഉഷ. ഇനി പരിശീലനമടക്കമുള്ള കാര്യങ്ങള്‍ നന്നായി മുന്നോട്ട് പോകട്ടെ. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പിടി ഉഷ.