2023 ജൂൺ 11 ഞായർ
BREAKING NEWS
👉ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.
കേരളം, കർണ്ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക്
👉 ഉത്തർപ്രദേശിലെ ഗോണ്ടയിൽ ബ്രിജ് ഭൂഷൺ സിംഗ് നയിക്കുന്ന മഹാറാലി ഇന്ന്
👉 രാജസ്ഥാനിൽ ഇന്ന് സച്ചിൻ പൈലറ്റിൻ്റെ പ്രാർത്ഥനാ യോഗം; പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് യോഗം
👉കഞ്ചിക്കോട്ട് വീണ്ടും ഭീതി വിതച്ച് പിടി പതിനാലാമൻ, പീരുമേട്ടിലും കാട്ടാന ശല്യം
കേരളീയം
🙏ചുറ്റും നില്‍ക്കുന്നവര്‍ എത്ര ലക്ഷം ചെലവാക്കിയെന്ന് അറിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭ ന്യൂയോര്‍ക്ക് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. സ്പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ ലോക കേരള സഭയെ വിവാദമാക്കാന്‍ ചിലര്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
🙏കേരള സര്‍വകലാശാലയിലെ 39 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ പ്രായപരിധി കഴിഞ്ഞതായി കണ്ടെത്തി. ഇവരെ അയോഗ്യരാക്കും. കാട്ടാക്കട കോളജിലെ യുയുസി ആള്‍മാറാട്ടം വിവാദമായിരിക്കേയാണ് യുയുസിമാരുടെ പ്രായം പരിശോധിച്ചത്.
🙏മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു സര്‍ക്കാര്‍ വക പാരിതോഷികം. 2,500 രൂപ വരെയോ നിയമലംഘകര്‍ക്കു ചുമത്തുന്ന പിഴയുടെ 25 ശതമാനമോ പാരിതോഷികമായി നല്‍കുമെന്നു വ്യക്തമാക്കിക്കൊണ്ടു സര്‍ക്കാര്‍ ഉത്തരവു പുറത്തിറക്കി.
🙏മഹാരാജാസ് കോളേജില്‍ എഴുതാത്ത പരീക്ഷ ജയിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് അഞ്ചു പേര്‍ക്കെതിരേ കേസെടുത്തു. മഹാരാജാസ് കോളജ് ആര്‍ക്കിയോളജി വകുപ്പ് അധ്യാപകന്‍ ഡോ. വിനോദ് കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയ്, വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍, കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റ് സി.എ. ഫാസില്‍ എന്നിവരെ പ്രതികളാക്കിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.
🙏കേരള സര്‍ക്കാരിന് സംസ്ഥാനത്തെ സര്‍വകലാശാലകളെ നിയന്ത്രിക്കണമെങ്കില്‍ പ്രത്യേക വകുപ്പ് സൃഷ്ടിക്കാത്തത് എന്തുകൊണ്ടാണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യാജരേഖ ചമച്ചു ജോലി തരപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടു പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
🙏വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ കെ വിദ്യക്കെതിരായ കേസില്‍ നടപടി സ്വീകരിക്കും. മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാവ് ആര്‍ഷോക്കെതിരെ വലിയ ഗൂഢാലോചന നടന്നു.
🙏യുയുസി ആള്‍മാറാട്ടം നടന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഒന്നര ലക്ഷം രൂപ പിഴയടയ്ക്കണമെന്നു കേരള യൂണിവേഴ്സിറ്റി. 1,55,938 രൂപ കോളേജിനോട് അടയ്ക്കാനാണ് സിന്റിക്കേറ്റ് ആവശ്യപ്പെട്ടത്.
🙏കാലവര്‍ഷം കേരളം മുഴുവന്‍ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചു ദിവസം വ്യാപകമായി ഇടി മിന്നലും കാറ്റോടു കൂടിയ മഴക്കു സാധ്യത.
🙏കോണ്‍ഗ്രസിലെ ചേരിപ്പോരു പരിഹരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തിങ്കളാഴ്ച കേരളത്തിലെത്തും. കെപിസിസി പ്രസിഡന്റ്, ഗ്രൂപ്പു നേതാക്കള്‍, പ്രതിപക്ഷ നേതാവ് എന്നിവരുമായി ചര്‍ച്ച നടത്തും.
🙏മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിനു പ്രതികാരമായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലന്‍സ് കേസെടുത്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. പുനര്‍ജനി പദ്ധതിക്കു വിദേശ സാമ്പത്തിക സഹായം സ്വീകരിച്ചതിനാണു കേസെടുത്തത്.
🙏കോണ്‍ഗ്രസ് രാജ്യത്ത് നാമാവശേഷമാവുകയാണെന്ന വിവാദ പരാമര്‍ശവുമായി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. പാര്‍ട്ടി നാമാവശേഷമാകുമ്പോള്‍ നമ്മള്‍ കൂടി ചവിട്ടിതാഴ്ത്താന്‍ ശ്രമിക്കുകയാണ്. ചന്ദ്രശേഖരന്‍ പറഞ്ഞു.
🙏കോഴിക്കോട് കൂടരഞ്ഞിയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യന്‍, കക്കാടംപൊയില്‍ തോട്ടപ്പള്ളി കുന്നത്ത് ജിബിന്‍ എന്നിവരാണു മരിച്ചത്.
🙏ആലുവ യുസി കോളജിനു സമീപം ഫുട്ബോള്‍ കളിക്കുന്നതിനിടെ ആല്‍മരം ഒടിഞ്ഞ് വീണ് ഏഴു വയസുകാരന്‍ മരിച്ചു. കരോട്ടുപറമ്പില്‍ രാജേഷിന്റെ് മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്.
🙏വടക്കഞ്ചേരി ആയക്കാട് എഐ ക്യാമറ തകര്‍ത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട് സ്വദേശി മുഹമ്മദ് എം.എസ് ആണ് പിടിയിലായത്. രണ്ടു പേര്‍ ഒളിവിലാണ്.
🙏വൈദികനെന്നു വിശ്വസിപ്പിച്ച് തിരുവനന്തപുരത്തെ ഹോട്ടല്‍ വ്യവസായിയില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മുഖ്യ സൂത്രാധാരന്‍ അറസ്റ്റില്‍. പാലാ സ്വദേശി ജിഷാദ് (27) ആണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ ആയവരുടെ എണ്ണം ഏഴായി.
🙏അതിരപ്പിള്ളി വെറ്റിലപ്പാറ അരൂര്‍ മുഴിയിലെ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ സ്വദേശിയായ അശോക് (35) ആണു മരിച്ചത്.
🙏കോഴിക്കോട് കൊടിയത്തൂരില്‍ രണ്ടു കുട്ടികള്‍ക്കു നീര്‍നായയുടെ കടിയേറ്റു. കൊടിയത്തൂര്‍ കാരാട്ട് കുളിക്കടവില്‍ കുളിക്കുകയായിരുന്ന റാബിന്‍ (13), അദ്ഹം (13) എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് കടിയേറ്റത്.
🙏കണ്ണൂര്‍ എരഞ്ഞോളി കുടക്കളത്ത് കിണറ്റില്‍ വീണ ആറു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നികളെ പുറത്തെടുത്ത ശേഷം വെടിവച്ചു കൊല്ലുകയായിരുന്നു.
ദേശീയം
🙏എംബിബിഎസ് പ്രവേശനത്തിന് ഇനി കേന്ദ്രീകൃത കൗണ്‍സിലിംഗ്. സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന അധികാരമാണ് കേന്ദ്രം പുതിയ ഉത്തരവിലൂടെ പിടിച്ചെടുത്തത്. യുജി നീറ്റ് മെരിറ്റ് ലിസ്റ്റില്‍നിന്നാണു പ്രവേശനം നടത്തേണ്ടത്. ലംഘിക്കുന്ന കോളജുകളില്‍നിന്ന് പിഴയായി ഒരു കോടി രൂപ ഈടാക്കുമെന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
🙏കര്‍ണാടകയില്‍ ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ നിര്‍വഹിക്കും. സിദ്ധരാമയ്യ ബസ് കണ്ടക്ടറുടെ വേഷത്തിലെത്തി സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കിയാണ് ഉദ്ഘാടനം ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് ശക്തി പദ്ധതി.
🙏ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ സര്‍ക്കാരിന്റെ ഗോശാലയില്‍ പശുക്കള്‍ ചത്തനിലയില്‍. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പശുക്കള്‍ക്ക് ദിവസങ്ങളായി തീറ്റ നല്‍കിയിട്ടില്ലെന്നും ചികിത്സ നല്‍കിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
🙏ഡല്‍ഹി കലാപക്കേസ് കെട്ടിച്ചമച്ചതെന്നു കോടതി. തെളിവില്ലാത്തതിനാല്‍ പ്രതിയായ നൂര്‍ മുഹമ്മദിനെ വെറുതെവിട്ട കോടതി പോലീസിനെ നിശിതമായി വിര്‍മശിക്കുകയും ചെയ്തു. കര്‍ക്കദ്ദൂമ കോടതിയാണ് വിധി പ്രസ്താവിച്ചത്.
🙏മുസ്ലിം സംവരണം ഭരണഘനാ വിരുദ്ധമാണെന്ന നിലപാടാണു ബിജെപിക്കുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതം അടിസ്ഥാനമാക്കിയുള്ള സംവരണം ആവശ്യമില്ലെന്നും അമിത്ഷാ മുംബൈയില്‍ പറഞ്ഞു.
🙏മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഈ മാസം 15 വരെ നീട്ടി. കലാപമുണ്ടായ മെയ് മൂന്നിന് ആരംഭിച്ചതാണു നിരോധനം.
🙏എന്‍സിപിയില്‍ ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ, സീനിയര്‍ നേതാവ് പ്രഫുല്‍ പട്ടേല്‍ എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറാണ് നിയമിച്ചത്. ഇരുവരേയും അഭിനന്ദിച്ച് അജിത് പവാര്‍ ട്വിറ്റു ചെയ്തിട്ടുണ്ട്.
🙏ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്നു ഗുസ്തി താരങ്ങള്‍. തങ്ങള്‍ നേരിടുന്ന സമ്മര്‍ദം എത്ര വലുതാണെന്ന് ചില അധികാരികള്‍ക്കു മനസിലാകുന്നില്ലെന്ന് സാക്ഷി മാലിക്.
🙏മുംബൈയില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തിനു മുകളില്‍ കയറി ആരുമറിയാതെ നടത്തിയ ബിയര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 19 കാരി ഏഴാം നിലയില്‍നിന്നു വീണു മരിച്ചു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തും മറ്റൊരു സുഹൃത്തും ചേര്‍ന്നാണു ബിയര്‍ പാര്‍ട്ടി നടത്തിയത്. പോലീസ് രണ്ടു യുവാക്കളേയും കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുന്നു.
🙏കമിതാക്കളുടെ കലഹത്തിനിടെ കാമുകന്‍ കാമുകിയുടെ തലക്കു വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കന്യകുമാരിയിലാണ് ഡാന്‍ നിഷ എന്ന പെണ്‍കുട്ടിയെ വെട്ടിയ ശേഷം ബര്‍ജിന്‍ ജോഷ്വ എന്ന വിദ്യാര്‍ഥി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
അന്തർദേശീയം
🙏കൊളംബിയയില്‍ ആമസോണ്‍ വനത്തില്‍ വിമാനം തകര്‍ന്നു കാണാതായ നാലു കുട്ടികളെ 40 ദിവസത്തിനുശേഷം ജീവനോടെ കണ്ടെത്തി. 11 മാസം പ്രായമുള്ള കുഞ്ഞ് അടക്കമുള്ള കുട്ടികളെയാണു കൊടുംവനത്തില്‍ സൈന്യം കണ്ടെത്തിയത്. വന്യജീവികളുടെ ആക്രമണത്തിന് ഇരയാകാതെ രക്ഷപ്പെട്ട ഇവര്‍ക്കു പ്രാണികള്‍ കടിച്ചതിന്റെ അസ്വസ്ഥതകള്‍ മാത്രമാണുള്ളത്. മേയ് ഒന്നിനു തകര്‍ന്നുവീണ ചെറുവിമാനത്തില്‍ ഉണ്ടായിരുന്ന കുട്ടികളുടെ അമ്മ അടക്കം മൂന്നു പേരുടെ മൃതദേഹങ്ങള്‍ വനത്തില്‍നിന്നു കണ്ടെടുത്തിരുന്നു.
🙏ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഉദര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. എല്ലാവരുടേയും പ്രാര്‍ത്ഥനാ സഹായം വേണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു.
കായികം
🙏ഓസ്ട്രേലിയക്കെ
തിരായ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിന്റെ ഫൈനലില്‍ ഇന്ത്യ പൊരുതുന്നു. 444 റണ്‍സ് വിജയലക്ഷ്യവുമായ് രണ്ടാമിന്നിംഗ്സിനിറങ്ങിയ ഇന്ത്യ നാലാം ദിനമായ ഇന്നലെ കളി അവസാനിക്കുമ്പോള്‍ 164 ന് 3 എന്ന നിലയിലാണ്. 44 റണ്‍സെടുത്ത വിരാട് കോലിയും 20 റണ്‍സെടുത്ത അജിങ്ക്യാ രഹാനെയുമാണ് ക്രീസില്‍.
🙏ഒരു ദിവസവും ഏഴ് വിക്കറ്റുകളും ശേഷിക്കുന്ന ഇന്ത്യക്ക് ചാമ്പ്യന്‍ഷിപ്പ് വിജയത്തിനായ് 280 റണ്‍സകലെമേയുള്ളൂ. നേരത്തേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270-റണ്‍സെന്ന നിലയില്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
🙏പോളിഷ് താരം ഇഗ സ്വിയാടെകിന് ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം. നിലവിലെ ചാമ്പ്യന്‍ കൂടിയായ ഇഗ ചെക്ക് റിപ്പബ്ലിക് താരം കരോളിന മുക്കോവോയെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ഇഗ സ്വിയാടെക്കിന്റെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്.
🙏ഫ്രഞ്ച് ഓപ്പണ്‍ പുരുഷകിരീടത്തിനായ് സെര്‍ബിയന്‍ സൂപ്പര്‍താരം ജോക്കോവിച്ചും നോര്‍വീജിയന്‍ താരം കാസ്പര്‍ റൂഡും ഇന്ന് ഏറ്റുമുട്ടും. വൈകീട്ട് 6 മണിക്കാണ് മത്സരം. കിരീടം നേടാനായാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന പുരുഷതാരമെന്ന ചരിത്രനേട്ടം ജോക്കോവിച്ചിന് സ്വന്തമാക്കാം. നിലവില്‍ ജോക്കോവിച്ചിനും നദാലിനും 22-ഗ്രാന്‍ഡസ്ലാം കിരീടങ്ങളാണുള്ളത്.