ചെങ്ങന്നൂര്‍. കേസെടുത്തവരെന്നല്ല, അബ്ദുള്‍റഹ്‌മാനെതിരെ കേസെടുത്തകാലത്ത് സര്‍വീസില്‍ കയറിയവര്‍ പോലും വിരമിച്ചു, പക്ഷേ കേസ് ബാക്കി കിടന്നു ആളെ കുടുക്കി നിയമത്തിമുന്നിലെത്തിക്കാന്‍. 30 വര്‍ഷമായി പോലീസിനു പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞയാള്‍ പിടിയില്‍. മലപ്പുറം ജില്ലയില്‍ എടക്കര തപാലതിര്‍ത്തിയില്‍ കരുനെച്ചി ഭാഗത്ത് മാപ്പിളത്തൊടി അബ്ദു എന്നുവിളിക്കുന്ന അബ്ദുള്‍ റഹ്‌മാന്‍(52) ആണ് പിടിയിലായത്.
വിദേശജോലിക്ക് വിസാ തരപ്പെടുത്തി കിട്ടുന്നതിനായി ഇയാളില്‍നിന്നും മറ്റു കൂട്ടു പ്രതികളില്‍നിന്നും പണവും പാസ്‌പോര്‍ട്ടും വാങ്ങിയ ശേഷം മുങ്ങിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായിരുന്ന വിജയകുമാര്‍ എന്നയാളെ മറ്റ് പ്രതികളുമായി ചേര്‍ന്ന് തട്ടിക്കൊണ്ടു വന്ന് കൊല്ലകടവിലുള്ള ലോഡ്ജില്‍ തടങ്കലില്‍ പാര്‍പ്പിച്ചു. തടവില്‍വച്ച് വിജയകുമാര്‍ തൂങ്ങിമരിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് 1993 ല്‍ വെണ്മണി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആളെ തട്ടിക്കൊണ്ടുപോകല്‍ കേസിലാണ് 30 വര്‍ഷത്തിനു ശേഷം ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.
അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം മലപ്പുറം രാമനാട്ടുകരയിലുള്ള വീടും സ്ഥലവും വിറ്റ് നിലമ്ബൂര്‍ എടക്കര ഭാഗത്ത് താമസമാക്കുകയും പിന്നീട് കോടതിയില്‍ ഹാജരാകാതെ വിദേശത്ത് പോയി ഒളിവില്‍ കഴിയുകയുമായിരുന്നു. നിരവധി തവണ കോടതിയില്‍ ഹാജരാകുന്നതിന് പ്രതിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് 1997ല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുകയായിരുന്നു.
വിദേശത്തുനിന്ന് എത്തിയ ശേഷം അടുത്ത കാലത്തായി തിരുവനന്തപുരം, തിരുവല്ലം, വണ്ടിത്തടം ഭാഗത്ത് അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. ദീര്‍ഘനാളത്തെ വെണ്മണി പോലീസിന്റെ കഠിനപരിശ്രമത്തിലൂടെയാണ് പ്രതിയുടെ ഒളിസങ്കേതത്തെക്കുറിച്ച് വിവരം ശേഖരിക്കാന്‍ കഴിഞ്ഞത്.
ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നിര്‍ദേശാനുസരണം വെണ്മണി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ എ. നസീര്‍, സീനിയര്‍ സിപിഒമാരായ ഹരി കുമാര്‍, അഭിലാഷ്, അനൂപ് ജി. ഗംഗ എന്നിവരാണ് ഇന്നലെ രാത്രി തിരുവല്ലം വണ്ടിത്തടം ഭാഗത്തുനിന്നും പ്രതിയെ സാഹസികമായി പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. 30 വര്‍ഷമായി വിസ്താരം മുടങ്ങി കിടന്ന കേസില്‍ ഇനി വിസ്താരനടപടികള്‍ ആരംഭിക്കും.