കോഴിക്കോട്. വടകര-പേരാമ്പ്ര റൂട്ടിലെ നോവ ബസിന്റെ വളയം ഇപ്പോള്‍ ഒരു പെൺകുട്ടിയുടെ കൈകളില്‍ ഭദ്രമാണ്.മേപ്പയ്യൂർ സ്വദേശി അനുഗ്രഹയാണ് ആ അസാധാരണ നേട്ടത്തിനുടമ. ജില്ലയിലെ തന്നെ ആദ്യ വനിതാ ബസ് ഡ്രൈവർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അനുഗ്രഹ. സോഷ്യൽ മീഡിയയിൽ തരംഗമാണ് അനുഗ്രഹയുടെ ഡ്രൈവിംഗ്.മേപ്പയ്യൂർ എടത്തിൽ മുക്കിലെ മുരളീധരൻ , ചന്ദ്രിക ദമ്പതികളുടെ മകളായ അനുഗ്രഹ ലോജിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദത്തിനുടമയാണ്.
ഡ്രൈവിംഗ് മോഹം കുട്ടിക്കാലം മുതൽ അനുഗ്രഹയുടെ മനസ്സിൽ കയറിയതാണ്. വലുതായപ്പോൾ ഒന്നും ചിന്തിച്ചില്ല.മേപ്പയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുമ്പോൾ മണാലിയിൽ നടന്ന അഡ്വഞ്ചറസ് ക്യാമ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് അനുഗ്രഹ പങ്കെടുത്തിരുന്നു. ഇത് സാഹസികതയ്ക്കു കരുത്തുപകരാൻ ഏറെ സഹായമായെന്ന് അനുഗ്രഹ പറഞ്ഞു. 18ആം വയസ്സിൽ ഡ്രൈവിംഗ് ലൈസൻസും 24 ആം വയസ്സിൽ ഹെവി ലൈസൻസും സ്വന്തമാക്കി. ശേഷം, നാട്ടിലോടുന്ന ബസിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക്. അച്ഛന്റെ പിന്തുണയാണ് തനിക്ക് ഊർജമായതെന്ന് അനുഗ്രഹ പറയുന്നു. മുത്തച്ഛനും മാമനുമെല്ലാം ഡ്രൈവേഴ്സായിരുന്നു.
തനിക്കിഷ്ടം ഡ്രൈവിംഗാണ്. ഇപ്പോൾ വിദേശത്ത് ജോലിയ്ക്ക് ശ്രമിക്കുകയാണ്. ജോലി ലഭിക്കുന്നതുവരെ ഡ്രൈവിങ്ങ് തുടരാനാണ് തീരുമാനം.
ഒരു ജോലിയും ആരുടേയും പ്രത്യേകിച്ച് ആണുങ്ങളുടെ കുത്തകയല്ലെന്ന് കൂടി തെളിയിക്കുകയാണ് ഈ കോഴിക്കോട്ടുകാരി.