പറഞ്ഞത് നടപ്പാക്കുന്ന സർക്കാരാണ് കേരളത്തിലേത് ;തുടർ ഭരണം കിട്ടിയത് വാഗ്ദാനങ്ങൾ പാലിക്കാനെന്ന് മുഖ്യമന്ത്രി

Advertisement

അമേരിക്ക:
പറഞ്ഞതെല്ലാം പാലിക്കുന്ന സർക്കാരാണ് നിലവിൽ കേരളത്തിലുള്ളതെന്നും, ജനം തുടർഭരണം നൽകിയത് വാഗ്ദാനങ്ങൾ പാലിക്കാനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗെയ്ൽ, കെ–ഫോൺ, റോഡ് വികസന പദ്ധതികൾ തുടങ്ങിയവ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയിലെ ടൈംസ് സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . വൻ ജനക്കൂട്ടമാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

ഇപ്പോൾ അനുമതി കിട്ടിയില്ലെങ്കിലും നാളെ യാഥാർഥ്യമാകുന്ന പദ്ധതിയാണു കെ റെയിൽലെന്ന് ലോക കേരള സഭയുടെ ഭാഗമായി നടന്ന ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആർക്കും മനസ്സിലാകാത്ത ചില കാര്യങ്ങൾ പറഞ്ഞാണു കെ റെയിലിനെ ചിലർ അട്ടിമറിച്ചത്. വന്ദേഭാരത് നല്ല സ്വീകാര്യത ജനങ്ങളിലുണ്ടാക്കിയപ്പോഴാണു കെ റെയിലും വേണ്ടിയിരുന്നുവെന്ന ചർച്ചകളുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് നഗരവൽക്കരണം ഏറ്റവും വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണു കേരളം.
സർവതല സ്പർശിയായ വികസനമാണു ലക്ഷ്യം. ഇന്റർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണ്. അതു കെ ഫോൺ വഴി കേരളത്തിൽ സാക്ഷാത്കരിക്കപ്പെട്ടതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശബരിമല വിമാനത്താവളം യാഥാർഥ്യമാകും. അതിനുള്ള അനുമതി കേന്ദ്രത്തിൽനിന്നു തത്വത്തിൽ ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ റോഡുകൾ മികച്ചതാണ്. അരിക്കൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകൾ നല്ല നിലയിലാണെന്നു മനസ്സിലാക്കിയത്. 

നിർമാണരംഗത്തുള്ള പ്രശ്നങ്ങൾ പരിഹരിച്ചു വരുന്നു. ഇപ്പോൾ നിക്ഷേപ സൗഹൃദവും വ്യവസായ അന്തരീക്ഷവും മെച്ചപ്പെട്ടു. ഏറ്റവും ആകർഷകമായ വ്യവസായ നയം കേരളം അംഗീകരിച്ചു. നോക്കുകൂലി പൂർണമായും നിരോധിച്ചു. ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്താണു അതു പരിഹരിച്ചത്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ല. കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ടു ഐടി പാർക്കുകൾ കൂടി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Advertisement