2023 ജൂൺ 12 തിങ്കൾ
BREAKING NEWS
👉 പീരുമേട് റെസ്റ്റ് ഹൗസിന് സമീപം ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം;വനത്തിനുള്ളിലേക്ക് തുരത്താൻ ശ്രമം തുടരുന്നു.
👉തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി.പാലയാട് സ്വദേശി മഹേഷിനെതിരെ വനിതാ ഡോക്ടർ പരാതി നൽകി.
👉കണ്ണൂർ മുഴുപ്പിലങ്ങാട് നായ്ക്കൾ കടിച്ചു കൊന്ന 11 വയസുകാരൻ്റെ ഖബറടക്കം ഇന്ന്
👉 വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് അടച്ച കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിൽ ക്ലാസ്സുകൾ ഇന്ന് മുതൽ പുന:രാരംഭിക്കും
👉 ലഹരിക്കെതിരെ സോഷ്യൽ ഓഡിറ്റ് വരുന്നു.കേരളത്തിൽ മദ്യ ഉല്പാദനം വർദ്ധിപ്പിക്കണമെന്നും പുതിയ മദ്യനയം
കേരളീയം
🙏 സംസ്ഥാനത്ത് അഞ്ചു ദിവസം മഴ തുടരുമെന്ന് അറിയിപ്പ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കേരള – കര്‍ണാടക -ലക്ഷദ്വീപ് തീരത്ത് മല്‍സ്യബന്ധനത്തിനു പോകരുതെന്നു ജാഗ്രതാ നിര്‍ദേശം.
🙏കണ്ണൂരില്‍ സംസാരശേഷിയില്ലാത്ത 11 വയസുകാരനെ തെരുവുനായ കടിച്ചു കൊന്നു. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപം താമസിക്കുന്ന നിഹാല്‍ നൗഷാദ് ആണ് മരിച്ചത്. വൈകുന്നേരം അഞ്ചിനു കളിക്കുന്നതിനിടെ കാണാതായ കുട്ടിയെ രാത്രി എട്ടരയോടെയാണ് അര കിലോമീറ്റര്‍ അകലെ മുഖത്തും ശരീരത്തിലും നായ കടിച്ച നിലയില്‍ കണ്ടെത്തിയത്.
🙏സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അച്ചടക്ക നടപടിയെടുക്കും. ഇതിനായി ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തും. ഭേദഗതിയുടെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്.
🙏യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും ചേരിപ്പോര്. പാര്‍ട്ടിയില്‍ എ, ഐ ഗ്രൂപ്പുകള്‍ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും എതിരേ ഒന്നിക്കുന്നുണ്ടെങ്കിലും യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളെല്ലാം പോരാട്ടത്തിലാണ്. സംസ്ഥാന പ്രസിഡന്റാകാന്‍ ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. എ ഗ്രൂപ്പില്‍ ചര്‍ച്ച തുടരുകയാണ്. കെ സി വേണുഗോപാല്‍ പക്ഷവും വി ഡി സതീശന്‍- കെ സുധാകരന്‍ പക്ഷങ്ങളും രംഗത്തുണ്ട്. ഇതേസമയം, കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്നു കേരളത്തിലെത്തും.
🙏മാധ്യമ സ്വാതന്ത്ര്യം എന്നത് ഗൂഢാലോചന നടത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതി അന്വേഷിക്കും. അതില്‍ ആര്‍ക്കും പൊള്ളേണ്ടതില്ലെന്നും ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
🙏കേരളത്തില്‍ ആഭ്യന്തര വകുപ്പു ഭരിക്കുന്നത് എസ്എഫ്ഐ ഗുണ്ടകളാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിപിഎമ്മിന്റെ നിര്‍ദേശാനുസരണമാണു പോലീസ് കേസെടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണത്തോടെ വ്യക്തമായതായി മുരളീധരന്‍ പറഞ്ഞു.
🙏നൈജീരിയയില്‍ തടവിലായ കപ്പല്‍ ജീവനക്കാരായ മലയാളികള്‍ സുരക്ഷിതരായി നാട്ടിലെത്തി. എണ്ണ മോഷണവും സമുദ്രാതിര്‍ത്തി ലംഘനവും ആരോപിച്ച് പത്തു മാസം മുന്‍പാണ് ഇവരെ തടവിലാക്കിയത്. കൊച്ചി കടവന്ത്ര സ്വദേശി സനു ജോസ് എന്നിവരടക്കമുള്ളവരാണ് തിരിച്ചെത്തിയത്.
🙏ജോലിക്കു വ്യാജരേഖ ചമച്ചെന്ന കേസിലെ പ്രതി കെ. വിദ്യക്കും കാലടി മുന്‍ വിസി ഡോ. ധര്‍മരാജ് അടാട്ടിനുമെതിരെ എഐഎസ്എഫ് പ്രമേയം. എറണാകുളം ജില്ലാ സമ്മേളനത്തിലാണ് പ്രമേയം. കാലടി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ കുഞ്ഞിമുഹമ്മദ്, റൈഫന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്.
🙏ഫേസ് ബുക്ക് പോസ്റ്റിനു ലൈക്ക് നല്‍കിയതിന് നോര്‍ത്ത് പറവൂര്‍ എസ്എച്ച്ഒ ഷോജോ വര്‍ഗീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ വിജിലന്‍സ് അന്വേഷണ വാര്‍ത്തകള്‍ പത്രങ്ങളെ സ്വാധീനിച്ച് ഇല്ലാതാക്കിയെന്ന ഫേസ്ബുക്ക് കുറിപ്പിനു ലൈക്ക് നല്‍കിയെന്നാണ് ആരോപണം.
🙏സവാരിക്കിടെ സൈക്കിള്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് പൊലീസുകാരന്‍ മരിച്ചു. കല്ലറ മരുതമണ്‍ ഹിരണ്‍ വിലാസത്തില്‍ ഹിരണ്‍രാജ് (47) ആണ് മരിച്ചത്.തിരുവന്തപുരം വികാസ് ഭവനില്‍ റൂറല്‍ എസ് പി ഓഫീസിലെ ഉദ്യോഗസ്ഥനാണ്.
🙏കുന്നംകുളത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. തെക്കേപ്പുറം ചിറ്റഞ്ഞൂര്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ അരുണാണ് (18) മരിച്ചത്.
🙏മരം മുറിക്കുന്നതിനിടെ വീണ് കെ എസ് ഇ ബി കരാര്‍ തൊഴിലാളി മരിച്ചു. തോമാട്ടുചാല്‍ കാട്ടിക്കൊല്ലി ഇറിയാത്തുപറമ്പില്‍ രാമകൃഷ്ണന്‍-സൗമിനി ദമ്പതികളുടെ മകന്‍ ഷിജുവാണ് (43) മരിച്ചത്.
🙏തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകള്‍ ആര്‍ച്ച ആണ് മരിച്ചത്. ചികില്‍സാ പിഴവെന്ന് പരാതിയുമായി ബന്ധുക്കള്‍.
🙏തൃശൂരില്‍ ഹോസ്റ്റലില്‍ ടെക്സ്‌റ്റൈല്‍ ഷോറൂം ജീവനക്കാരി തൂങ്ങി മരിച്ചു. തളിക്കുളം സ്വദേശിനി റിന്‍സി എന്ന 24 കാരിയാണു മരിച്ചത്.
🙏കണ്ണൂര്‍ കരുവഞ്ചാല്‍ വായാട്ടുപറമ്പില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു മരിച്ചു. കാപ്പിമല സ്വദേശി മനീഷ് (33)ആണ് മരിച്ചത്.
ദേശീയം
🙏ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ഗുജറാത്ത് – പാകിസ്ഥാന്‍ തീരത്തേക്ക് നീങ്ങുന്നു. ജൂണ്‍ 14 രാവിലെ വരെ വടക്കുദിശയിയില്‍ സഞ്ചരിച്ച് സൗരാഷ്ട്ര, കച്ച് മേഖലയിലൂടെ പാകിസ്ഥാന്‍ തീരത്ത് എത്തും. ജൂണ്‍ 15 ന് ഗുജറാത്തിലെ മണ്ഡവിക്കും കറാച്ചിക്കും ഇടയില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.
🙏തമിഴ്നാട്ടില്‍ ബിജെപി 25 ലോക്‌സഭാ സീറ്റില്‍ മല്‍സരിക്കുമെന്നു കേന്ദ്രമന്ത്രി അമിത്ഷാ. അതേസമയം സീറ്റു വിഭജനം തങ്ങള്‍ നടത്തുമെന്നും ബിജെപിക്ക് എത്ര സീറ്റു നല്‍കുമെന്നു തങ്ങളാണു തീരുമാനിക്കുകയെന്നും ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച അണ്ണാ ഡിഎംകെ.
🙏ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര സര്‍ക്കാര്‍ ഇതര സംസ്ഥാന സര്‍ക്കാരുകളുടേയും അധികാരം സമാന രീതിയില്‍ കവര്‍ന്നെടുക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹി രാംലീല മൈതാനത്ത് ആം ആദ്മി പാര്‍ട്ടി റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ജനങ്ങളെ മോദി – അമിത് ഷാ സര്‍ക്കാര്‍ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
🙏അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും താന്‍ മല്‍സരിക്കുമെന്ന് ബലാല്‍സംഗക്കേസിലെ പ്രതിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിംഗ് എംപി. യുപിയിലെ കൈസര്‍ഗഞ്ജ് മണ്ഡലത്തില്‍തന്നെ മല്‍സരിക്കുമെന്ന് ശക്തി പ്രകടന റാലിയില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
🙏പുതിയ പാര്‍ട്ടി പ്രഖ്യാപനമോ പാര്‍ട്ടി വിടുമെന്ന സൂചനയോ നല്‍കാതെ സച്ചിന്‍ പൈലറ്റ്. അച്ഛന്‍ രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികമായ ഞയാറാഴ്ച നയപ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കോണ്‍ഗ്രസില്‍തന്നെ സച്ചിന്‍ പൈലറ്റ് തുടരുമെന്നും അഴിമതിക്കെതിരായാണു പോരാട്ടമെന്നും സച്ചിനുമായി അടുപ്പമുള്ള നേതാക്കള്‍ പ്രതികരിച്ചു.
🙏ബാലിയിലെ ഹണിമൂണ്‍ ഫോട്ടോ ഷൂട്ടിനിടെ ഡോക്ടര്‍മാരായ നവദമ്പതികള്‍ സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞ് മരിച്ചു. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ ലോകേശ്വരന്‍, വിഭൂഷ്ണിയ എന്നിവരാണു മരിച്ചത്. ജൂണ്‍ ഒന്നിനാണ് ഇവര്‍ വിവാഹിതരായത്.
🙏ഭാര്യയെ അര്‍ധനഗ്നയാക്കി 120 പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും കടയിലെ സാധനങ്ങള്‍ പുറത്തേക്കു വലിച്ചെറിയുകയും ചെയ്തെന്ന സൈനികന്റെ വീഡിയോയിലെ ആരോപണം തെറ്റെന്നു തമിഴ്നാട് പോലീസ്. തമിഴ്നാട്ടിലെ തിരുവണ്ണാമൈലയില്‍ പടവേട് ഗ്രാമവാസിയും കാഷ്മീരില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഹവില്‍ദാരുമായ പ്രഭാകരന്റെ പരാതിയാണു വൈറലായത്. പ്രഭാകരന്റെ ഭാര്യാപിതാവ് സെല്‍വമൂര്‍ത്തി ഒമ്പതര ലക്ഷം രൂപയ്ക്ക് അഞ്ചു വര്‍ഷത്തെ പാട്ടത്തിനെടുത്ത സ്ഥലത്തു നടത്തിവന്ന കട ഒഴിഞ്ഞുകൊടുക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആരോപണത്തിന് ആധാരമെന്നു പോലീസ്.
അന്തർദേശീയം
🙏കെ റെയില്‍ യാഥാര്‍ഥ്യമാകുമെന്ന് ലോക കേരള സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിമാനത്താവളത്തിനു കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിച്ചു കഴിഞ്ഞു. നഗരവല്‍കരണം ഏറ്റവും വേഗത്തില്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്റര്‍നെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണെന്നും അത് കെ ഫോണ്‍ വഴി കേരളത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കായികം
🙏ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഓസ്‌ട്രേലിയയ്ക്ക്. ഇന്ത്യയെ 209 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ ചാമ്പ്യന്‍മാരായത്. 444 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി പൊരുതിയ ഇന്ത്യ 234 റണ്‍സിന് പുറത്താകുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. അതേസമയം ഈ വിജയത്തോടെ എല്ലാ ഐസിസി ടൂര്‍ണമെന്റുകളിലും കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടമാണ് ഓസ്‌ട്രേലിയ കരസ്ഥമാക്കിയത്.
🙏ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പുതിയ ഫോര്‍മാറ്റ് നിര്‍ദേശിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയായിട്ട് നടത്തുന്നതാകും നല്ലതെന്ന നിര്‍ദേശമാണ് രോഹിത് ശര്‍മ മുന്നോട്ടുവെച്ചത്.
🙏ടെന്നീസ് കോര്‍ട്ടില്‍ വീണ്ടും ജോക്കോ വസന്തം. 2023ലെ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. നോര്‍വേ താരം കാസ്പര്‍ റൂഡിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടം സ്വന്തമാക്കിയത്.
🙏ഈ വിജയത്തോടെ ഏറ്റവും കൂടുതല്‍ സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പുരുഷതാരമെന്ന നേട്ടമാണ് ജോക്കോവിച്ച് കരസ്ഥമാക്കിയത്. 22 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സ്പാനിഷ് താരം റാഫേല്‍ നദാലിനെ പിന്തള്ളിയാണ് ജോക്കോവിച്ച് 23 -ാമത് ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയത്.