തിരുവനന്തപുരം:
കേരളത്തിൽ അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. മധ്യകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ബിപോർജോയ് ജൂൺ 14ന് രാവിലെ വരെ വടക്ക് ദിശയിൽ സഞ്ചരിക്കും. തുടർന്ന് വടക്ക്, വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര, കച്ച് അതിനോട് ചേർന്നുള്ള മാണ്ഡവിക്കും പാക്കിസ്ഥാനിലെ കറാച്ചിക്കും ഇടയിൽ ജൂൺ 15ന് പരാമവധി 150 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത
ജൂൺ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ യെല്ലോ അലർട്ടാണ്.