വാർത്താനോട്ടം,ഇത് വാര്‍ത്തകളുടെ മണ്‍സൂണ്‍

Advertisement

2023 ജൂൺ 13 ചൊവ്വ

BREAKING NEWS

👉സംസ്ഥാനത്ത് ഇന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

👉 അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

👉 ആത്മഹത്യ ചെയ്ത ശ്രദ്ധ എന്ന വിദ്യാർത്ഥിനിയുടെ നാട്ടുകാർ ഇന്ന് കാത്തിരപ്പളളി അമൽജ്യോതി കോളജിന് മുന്നിൽ ധർണ്ണ നടത്തും

👉 കോഴ ഓഫീസിലുള്ള സഹപ്രവർത്തകർക്ക് കൂടി പങ്ക് വെയ്ക്കാനുള്ളതെന്ന് ആലപ്പുഴയിൽ പിടിയിലായ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ സതീഷിൻ്റെ മൊഴി.

👉 ആലപ്പുഴയിൽ ഉദ്യോഗസ്ഥൻ കോഴ വാങ്ങാൻ ഇടനിലനിന്ന ഏജൻ്റും പിടിയിൽ

👉 കോവിൻ ആപ്പിലെ വിവര ചോർച്ച; അന്വേഷണം ശക്തമാക്കമെന്ന് ആവശ്യം

കേരളീയം

🙏മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയപ്പോള്‍ സുധാകരന്‍ അവിടെ ഉണ്ടായിരുന്നെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

🙏ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്ടി സൂപ്രണ്ടിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. കല്‍പ്പറ്റ സിജിഎസ്ടി സൂപ്രണ്ട് പര്‍വീന്തര്‍ സിംഗിനെയാണ് പിടികൂടിയത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈക്കൂലി കേസില്‍ പിടികൂടാനുള്ള അധികാരം സിബിഐക്കാണ്. അധികാര പരിധി മറികടന്നുകൊണ്ടാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്.

🙏മാസപ്പടിയായി 25,000 രൂപ വാങ്ങവേ ആര്‍ ടി ഒ ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി. ഹരിപ്പാട് ഇന്റലിജന്‍സ് സ്‌ക്വാഡിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സതീഷാണ് പിടിയിലായത്. ദേശീയ പാത നിര്‍മാണത്തിനുള്ള വാഹനങ്ങളെ പിടിക്കാതിരിക്കാന്‍ ഉപകരാറുകാരനില്‍ നിന്ന് 25,000 രൂപ വാങ്ങവേയാണ് ഇയാളെ പിടികൂടിയത്.

🙏മലപ്പുറത്തു നേരിയ ഭൂചലനം. രാത്രി 8.10 നാണ് കോട്ടപ്പടി, കുന്നുമ്മല്‍, കൈനോട്, കാവുങ്ങല്‍, വലിയങ്ങാടി, ഇത്തിള്‍പറമ്പ്, വാറങ്കോട്, താമരക്കുഴി, മേല്‍മുറി തുടങ്ങിയ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്.

🙏കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിയമനങ്ങളില്‍ പരാതികളുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. എല്ലാവരുടെ ആഗ്രഹവും സഫലീകരിക്കുന്ന വിധത്തില്‍ ബ്ലോക്ക് പ്രസിഡന്റ് നിയമനം നടത്താനാവില്ല. പക്ഷേ, പരാതി ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും താരിഖ് അന്‍വര്‍ അറിയിച്ചു.

🙏നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന സിപിഐയുടെ മുന്‍ വനിതാ എംഎല്‍എമാരുടെ ആവശ്യത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കേസിന്റെ വിചാരണ നീട്ടാനാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ തങ്ങള്‍ക്ക് വാദിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.

🙏അട്ടപ്പാടി ഗവണ്‍മെന്റ് കോളജില്‍ ജോലി തരപ്പെടുത്താന്‍ കെ വിദ്യ വ്യാജരേഖയുമായി അഭിമുഖത്തിന് എത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍. കാറില്‍ മറ്റൊരാളും ഉണ്ടായിരുന്നു. കറുത്ത ഫിലിം ഒട്ടിച്ച കാറിനകത്തെ ആളുടെ മുഖം വ്യക്തമല്ല. വിദ്യയെ ഇറക്കിയ ശേഷം കാര്‍ പുറത്തു പോയി. പിന്നീട് 12 മണിക്കു ശേഷം തിരിച്ചെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

🙏വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചു. വ്യാഴാഴ്ച വരെ എല്ലാം ക്യാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും ഇത്തരം പോസ്റ്റര്‍ പതിപ്പിക്കും.

🙏തെരുവു നായയുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ നിഹാല്‍ മരിക്കാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ഉത്തരവിട്ടു.

🙏മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ പതിനൊന്നുകാരന്‍ നിഹാല്‍ നൗഷാദ് കൊല്ലപ്പെടാനിടായായത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.

🙏കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തീയതി ഈ മാസം 16 വരെ നീട്ടി.

🙏തിരുവനന്തപുരം പൊഴിയൂരില്‍ കടലാക്രമണം. ആറു വീടുകള്‍ തകര്‍ന്നു. നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന വീടുകളിലെയും കടലെടുക്കാന്‍ സാധ്യതയുള്ള വീടുകളിലെയുമായി 37 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

🙏മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ മതിലിടിഞ്ഞ് ഒമ്പതു പേര്‍ക്കു പരിക്കേറ്റു. ചാലക്കുടി അന്നനാട് മണ്ടിക്കുന്ന് ഉടുമ്പന്‍തറയില്‍ വേണുവിന്റെ വീട്ടിലേയ്ക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ മതില്‍ ഇടിഞ്ഞ് വീണത്. വേണുവിന്റെ അച്ഛന്‍ ശങ്കരന്‍ മരിച്ചതിന്റെ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അപകടം.

🙏കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്കു റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് നാലു വയസുകാരന്‍ മരിച്ചു. ആനക്കല്ല് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ആനക്കല്ല് പുരയിടത്തില്‍ ഹെവന്‍ രാജേഷ് (നാല്) ആണ് മരിച്ചത്.

🙏ശബരിമല സന്നിധാനത്ത് 25 വര്‍ഷമായി പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫെര്‍മേഷന്‍ സെന്ററില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സറായിരുന്ന ശ്രീനിവാസ് സ്വാമി (63) വാഹനാപകടത്തില്‍ മരിച്ചു. ബെഗളൂരുവില്‍ അദ്ദേഹം ഓടിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

🙏സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള ചങ്ങരംകുളത്തെ സാംസ്‌കാരിക കേന്ദ്രമായ എകെജി സെന്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റി അംഗമായ ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തില്‍ കൃഷ്ണകുമാര്‍ (47) ആണ് മരിച്ചത്. കാര്‍ഷിക സഹകരണ ബാങ്ക് താത്കാലിക ജീവനക്കാരനാണ്.

ദേശീയം

🙏കൊവിന്‍ ആപ്പിലെ വിവര ചോര്‍ച്ചയില്‍ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീമിനാണ് അന്വേഷണ ചുമതല. ഇതേസമയം, കൊവിന്‍ ആപ്പില്‍നിന്ന് മുന്‍ കാലങ്ങളില്‍ ചോര്‍ന്ന വിവരങ്ങളാണു പുറത്തായതെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

🙏സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര സര്‍ക്കാര്‍ 1.18 ലക്ഷം കോടി രൂപ അനുവദിച്ചു. കേരളത്തിന് 2,277 കോടി രൂപയാണു ലഭിക്കുക. ജൂണ്‍ മാസത്തെ വിഹിതത്തിനൊപ്പം അടുത്ത മാസത്തെ വിഹിതം മുന്‍കൂറായി നല്‍കിയെന്നു കേന്ദ്ര ധനമന്ത്രാലയം.

🙏ഭാര്യയുടെ ക്വട്ടേഷനില്‍ ഭര്‍ത്താവിനെ കടയില്‍ കയറി വാടിവാള്‍ വീശി ആക്രമിച്ച കേസില്‍ ഒന്നാം പ്രതി ആളൂര്‍ പൊന്‍മിനിശേരി വീട്ടില്‍ ജിന്റോയെ പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി. ഗുരുതിപ്പാലയില്‍ പലചരക്ക് കട നടത്തുന്ന കീഴിടത്തുപറമ്പില്‍ ജോണ്‍സനാണ് മര്‍ദനമേറ്റത്. ജോണ്‍സനും ഭാര്യ രേഖയും തമ്മില്‍ വഴക്കിട്ട് അകന്നു കഴിയുകയാണ്.

🙏ഇന്ത്യന്‍ കറന്‍സി നല്‍കിയാല്‍ ഇരട്ടി മൂല്യമുള്ള വിദേശ കറന്‍സി നല്‍കാമെന്നു വിശ്വസിപ്പിച്ച് വിരമിച്ച ബാങ്ക് മാനേജരില്‍നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അഭിഭാഷകയുടേയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ തള്ളി. പൊലീസ് ചമഞ്ഞാണ് കൈമാറിയ അമ്പതു ലക്ഷം രൂപ തട്ടിയെടുത്തത്.

🙏മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി നര്‍മ്മദ നദീ പൂജയോടെ തുടക്കമിട്ടു. സ്ത്രീകള്‍ക്കു മാസം 1,500 രൂപ, 500 രൂപയ്ക്കു ഗ്യാസ് സിലിണ്ടര്‍, നൂറു യൂണിറ്റ് വൈദ്യുതി സൗജന്യം, കാര്‍ഷിക കടം എഴുതിത്തള്ളും തുടങ്ങിയ അഞ്ച് വാഗ്ദാനങ്ങളാണു ജബല്‍പൂരിലെ മഹാകുശാല്‍ മേഖലയില്‍ നടന്ന ആദ്യ പ്രചാരണ റാലിയില്‍ പ്രിയങ്കാഗാന്ധി മുന്നോട്ടുവച്ചത്.

🙏ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്ന ഭാര്യയെ അറസ്റ്റു ചെയ്തു. നിഷാന്ത് ഗാര്‍ഗിനെ വെടിവച്ചു കൊന്നതിനു ഭാര്യ സോണിയയെയാണ് അറസ്റ്റു ചെയ്തത്. കിടപ്പുമുറിയില്‍ നാടന്‍ തോക്കുപയോഗിച്ച് ഭര്‍ത്താവ് തന്നെ കൊലപ്പെടുത്താന്‍ നോക്കിയെന്നും പിടിവലിക്കിടെ അബദ്ധത്തില്‍ ഭര്‍ത്താവിനു വെടിയേല്‍ക്കുകയായിരുന്നുവെന്നും ഭാര്യ പറഞ്ഞതായി പൊലീസ് വെളിപെടുത്തി.

🙏മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പുരില്‍ 22 കാരനായ കുക്കി യുവാവിനെ മെയ്തെയ് വിഭാഗക്കാര്‍ വെടിവച്ചുകൊന്നു. കാമന്‍ലോക്കില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

🙏ലൈംഗികാരോപണ
ങ്ങള്‍ക്കിടെ ദേശീയ ഗുസ്തി ഫെഡറേഷനില്‍ അടുത്ത മാസം നാലിന് തെരഞ്ഞെടുപ്പ്. മുന്‍ ജമ്മുകാഷ്മീര്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് മഹേഷ് കുമാര്‍ മിത്തലിനെ വരണാധികാരിയായി നിയമിച്ചു. നിലവിലെ ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധിക്കുന്ന താരങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് തെരഞ്ഞെടുപ്പ്. ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഹരിയാനയില്‍ ബുധനാഴ്ച ഖാപ് പഞ്ചായത്ത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

അന്തർദേശീയം

🙏കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയില്‍ അമേരിക്കയെ നിരീക്ഷിക്കാനും ചാരപ്രവര്‍ത്തനത്തിനുമായി ചൈനയുടെ രഹസ്യാന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് ഇന്റലിജന്റ്സ് വിഭാഗം. അമേരിക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപില്‍ ചാരപ്രവര്‍ത്തനത്തിനായി നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാന്‍ ചൈന പദ്ധതിയിടുന്നതായി യുഎസ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, അമേരിക്കയുടെ ആരോപണത്തെ ക്യൂബ നിഷേധിച്ചു.

കായികം

🙏ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ജൂലായ് മുതല്‍. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനമത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പര്യടനം. ജൂലായ് 12-ന് ടെസ്റ്റ് മത്സരങ്ങളോടെയാണ് തുടക്കം. ജൂലായ് 27ന് ഏകദിന പരമ്പരക്കും ഓഗസ്റ്റ് മൂന്നിന് ടി20 പരമ്പരയ്ക്കും തുടക്കമാകും.

Advertisement