മണ്ണിനടിയില്‍ നിന്ന് ലഭിച്ച നിധികൂമ്പാരം…. 40 വര്‍ഷം കഴിഞ്ഞിട്ടും പങ്കുപറ്റാന്‍ കഴിയാതെ രാമചന്ദ്രന്‍ ഓര്‍മ്മയായി

Advertisement

ഷോര്‍ണൂര്‍: മണ്ണിനടിയില്‍ നിന്ന് തനിക്ക് ലഭിച്ച സ്വര്‍ണനിധിയുടെ ഒരു പങ്കെങ്കിലും ലഭിക്കുമെന്നോര്‍ത്ത് ജീവിതകാലം മുഴുവന്‍ കാത്തിരുന്ന രാമചന്ദ്രന്‍ ഓര്‍മ്മയായി. തോപ്പില്‍പ്പടി രാമചന്ദ്രന്റെ നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം വീടിനകത്ത് കണ്ടെത്തി. വര്‍ഷങ്ങളോളമായി ഒറ്റമുറി വീട്ടില്‍ തനിച്ചായിരുന്നു രാമചന്ദ്രന്‍ താമസിച്ചിരുന്നത്.
1978 ജൂണ്‍ അഞ്ചിനാണ് രാമചന്ദ്രന് മണ്ണിനടിയില്‍ നിന്ന് സ്വര്‍ണനാണയങ്ങള്‍ നിറച്ച പഞ്ചലോഹ കിണ്ടി ലഭിച്ചത്. മുളവടികൊണ്ട് നിലത്തടിച്ച് നടക്കുമ്പോള്‍ ശബ്ദവ്യത്യാസംകേട്ട് കുഴിച്ചപ്പോഴാണ് നിധി കിട്ടിയതെന്ന് രാമചന്ദ്രന്‍ പറഞ്ഞിരുന്നു. നിധിയില്‍ അവകാശവാദമുന്നയിച്ച് മൂന്നുപേര്‍ കൂടി എത്തിയതോടെ തര്‍ക്കമായി. ഇത് പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വിവരം നാടാകെ അറിയാന്‍ കാരണമായത്.
ഒടുവില്‍ സംഭവത്തില്‍ പൊലീസും റവന്യു ഡിപ്പാര്‍ട്ട്മെന്റും ഇടപെട്ടു. നിധി അവര്‍ പിടിച്ചെടുത്തു. ഇങ്ങനെ ഭൂമിയില്‍ നിന്നും കണ്ടെത്തുന്ന അമൂല്യ ശേഖരം കൈമാറുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം ലഭിക്കുമായിരുന്നു. എന്നാല്‍ തര്‍ക്കത്തെ തുടര്‍ന്ന് രാമചന്ദ്രന് അതും ലഭിച്ചില്ല. പൊന്‍പണങ്ങള്‍ എന്നറിയപ്പെടുന്ന 1363 നാണയങ്ങളാണ് കിണ്ടിയിലുണ്ടായിരുന്നത്.
സ്വകാര്യ സ്ഥലത്ത് നിന്ന് കിട്ടിയ നാണയ ശേഖരത്തിന്റെ അവകാശം കവളപ്പാറ കൊട്ടാരത്തിനാണെന്ന് 2001ല്‍ കളക്ടറുടെ തീര്‍പ്പ് വന്നു. പിന്നീട് ഇത് സംസ്ഥാന സര്‍ക്കാര്‍ 40,000 രൂപയോളം വില നിശ്ചയിച്ച് ഏറ്റെടുക്കുകയായിരുന്നു. ഇത്രയും കാലം തനിക്ക് ആ നിധിയില്‍ നിന്നുള്ള വിഹിതം ലഭിക്കുമെന്ന കാത്തിരിപ്പിലായിരുന്നു രാമചന്ദ്രന്‍.
കഴിഞ്ഞ 40 വര്‍ഷമായി ഇതിനായുള്ള കാത്തിരിപ്പിലായിരുന്നു. നിധി ലഭിച്ചതിന്റെ അവകാശവാദം ഉന്നയിക്കുന്നവര്‍ക്ക് മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ രാമചന്ദ്രന് പിന്നീടങ്ങോട്ട് ജീവിതവും കുടുംബവും നഷ്ടപ്പെട്ട് ദാരിദ്ര്യവും രോഗവുമായിരുന്നു മരണം വരെ രാമചന്ദ്രന് കൂട്ടായി ഉണ്ടായിരുന്നത്.

Advertisement