തൃശൂരിൽ ഭർത്താവിനെ ആക്രമിക്കാൻ ഭാര്യയുടെ ക്വട്ടേഷൻ, വടിവാളുമായി ഗുണ്ടകൾ; കൂട്ടുനിന്ന സുഹൃത്ത് അറസ്റ്റിൽ

Advertisement

തൃശൂർ: ഭാര്യയുടെ ക്വട്ടേഷനിൽ ഭർത്താവിനെ കടയിൽ കയറി വാടിവാൾ വീശി ആക്രമിച്ച കേസിൽ ഒന്നാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ആളൂർ പൊൻമിനിശേരി വീട്ടിൽ ജിൻറോയെ (34) ആണ് പൊലീസ് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന് ഇയാളുമായി തെളിവെടുപ്പ് നടത്തി. ഗുരുതിപ്പാലയിൽ പലചരക്ക് കട നടത്തുന്ന കീഴിടത്തുപറമ്പിൽ ജോൺസനാണ് മർദനമേറ്റത്. ജോൺസനും ഭാര്യ രേഖയും തമ്മിൽ വഴക്കിട്ട് അകന്ന് കഴിയുകയാണ്.

കഴിഞ്ഞ ഏപ്രിൽ 23നായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവിനെ ആക്രമിക്കാൻ രേഖ തൻറെ സുഹൃത്തായ ജിന്റോയെ ഏൽപ്പിക്കുകയായിരുന്നു. രേഖയുടെ ഒത്താശയോടെ ജിന്റോ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി കടയിൽ കയറി ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 23ന് ഉച്ചയ്ക്ക് ഒരുമണിയോടെ അഞ്ചുപേർ വാടിവാളുമായി വന്ന് കടയ്ക്കകത്തേക്ക് ഇരച്ചു കയറി ജോൺസനെ ആക്രമിക്കുകായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ജോൺസൻ ചാലക്കുടി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും പരിശോധിച്ചപ്പോഴാണ് ജോൺസൻറെ ഭാര്യ രേഖയാണ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.

തുടർന്നാണ് പൊലീസ് രേഖയെ കേസിൽ പ്രതി ചേർത്തത്. സംഭവ ശേഷം ജിൻറോയും രേഖയും ഒളിവിൽ പോയി. ജിന്റോ ജില്ലാ സെഷൻസ് കോടതിയൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയിൽ സ്വയം ഹാജരാവുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തു. തുടർന്ന് പൊലീസ് കോടതിയിൽനിന്നും ജിന്റോയെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ജിന്റോ ജോൺസനെ ആക്രമിക്കുന്നതിനായി സ്ഥലത്തേക്ക് വന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

ജിന്റോ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി രേഖ ഇപ്പോഴും ഒളിവിലാണ്. എസ്.ഐമാരായ വിമൽ വി.വി, സി.കെ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. ആക്രമണത്തിൽ പങ്കെടുത്ത മറ്റു പ്രതികളായ ചാലക്കുടി കല്ലുപ്പറമ്പിൽ ഷമീർ, മേലൂർ പേരുക്കുടി വിവേക്, പോട്ട കുറ്റിലാംകൂട്ടം സനൽ, ചാലക്കുടി ബംഗ്ലാവ് പറമ്പിൽ പടയപ്പ എന്ന ഷിഹാസ്, അന്നനാട് കാഞ്ഞിരത്തിങ്കൽ സജി എന്നിവരെ സംഭവ ദിവസം തന്നെ അറസ്റ്റു ചെയ്തിരുന്നു. ഇവർ ജയിലിലാണ്.