കൊച്ചി. മൂന്നാറിലെ കെട്ടിട നിർമാണത്തിൽ നിയന്ത്രണവുമായി ഹൈക്കോടതി. രണ്ടുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങളുടെ നിർമാണത്തിന് വിലക്കേർപ്പെടുത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
കേസ് വീണ്ടും പരിഗണിക്കുന്നത് വരേയാണ് ഇടക്കാല ഉത്തരവ്. ഇതോടെ രണ്ടാഴ്ത്തേക്ക്, മൂന്നാറിൽ രണ്ടുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങളുടെ നിർമാണത്തിന് വിലക്കുണ്ടാവും. മൂന്നാറിലെ നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ അമിസ്ക്കസ് ക്യൂറിയേയും കോടതി നിയോഗിച്ചു. അഡ്വ. ഹരീഷ് വാസുദേവനാണ് അമിസ്ക്കസ് ക്യൂറി.കേസിൽ ഒമ്പത് പഞ്ചായത്തുകളെ ഹൈക്കോടതി കക്ഷിചേർത്തു. വയനാട് പോലുള്ള പ്രദേശങ്ങളിൽ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിയമങ്ങൾ എന്തുകൊണ്ട് മൂന്നാറിൽ നടപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഇടുക്കി കളക്ടർ നൽകിയ റിപ്പോർട്ട് കോടതി വിലയിരുത്തി.