തിരുവനന്തപുരം. താരിഖ് അൻവർ കേരളത്തിൽ എത്തിയിട്ടും കോൺഗ്രസിലെ പ്രതിസന്ധി അവസാനമില്ലാതെ തുടരുന്നു. കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ചയ്ക്ക് ഇതുവരെയും ഗ്രൂപ്പ് നേതാക്കൾ തയ്യാറായിട്ടില്ല. സ്വന്തം നിലയിൽ അനുനയ ചർച്ചയ്ക്ക് താരിഖും ശ്രമിക്കാത്തതോടെയാണ് പ്രതിസന്ധി അവസാനമില്ലാതെ തുടരുന്നത്.
രണ്ടുദിവസം കൂടി കേരളത്തിൽ താരിഖ് അൻവർ തുടരും. ഇതിനിടയിൽ ഗ്രൂപ്പ് നേതാക്കളെയും ഔദ്യോഗിക നേതൃത്വത്തെയും ഒന്നിച്ചിരുത്തി ചർച്ച നടത്താനിടയില്ല എന്നാണ് വിവരം. അതേസമയം വിവാദങ്ങൾക്കിടെ ബ്ലോക്ക് പ്രസിഡൻ്റുമാർക്കായുള്ള പരിശീലന ക്യാമ്പിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും. വടക്കൻ ജില്ലകളിലെ നേതാക്കന്മാർക്കായുള്ള ക്യാമ്പാണ് കോഴിക്കോട് വെച്ച് നടക്കുക. ഇതിലും ഗ്രൂപ്പ് നേതാക്കൾ വിട്ടുനിൽക്കും. ഈ മാസം 15 നു ശേഷം ഡൽഹിയിൽ എത്തി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കാണാനാണ് നേതാക്കളുടെ തീരുമാനം.