പി ശ്രീനിജിൻ എം എൽ എ നല്‍കിയ വ്യാജവാർത്ത കേസിൽ മറുനാടൻ മലയാളി ഷാജൻ സ്കറിയയുടെ അറസ്റ്റ് തടയാതെ കോടതി

Advertisement

കൊച്ചി. പി ശ്രീനിജിൻ എം എൽ എ യെ അപകീർത്തിപ്പെടുത്തി വ്യാജവാർത്തകൾ നൽകിയെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ഉടമ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടയാതെ കോടതി.മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ അറസ്റ്റ് തടയണമെന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല. അതേ സമയം നടൻ പൃഥ്വിരാജ് സുകുമാരനെതിരെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഷാജൻ സ്കറിയയുടെ ന്യൂസ്‌ പോർട്ടലിന് കോടതി വിലക്ക് ഏർപ്പെടുത്തി.

പി വി ശ്രീനിജിൻ എം എൽ എ ക്കെതിരെ അപകീർത്തികരമായ വ്യാജവാർത്തകൾ നൽകിയെന്ന കേസിലാണ് ഇന്ന് ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചത്. മുൻകൂർ ജാമ്യാപേക്ഷ മറ്റന്നാളത്തേക്ക് മാറ്റിവെച്ചെങ്കിലും അത് വരെ ഷാജൻ്റെ അറസ്റ്റ് തടയണമെന്ന അഭിഭാഷകൻ്റെ വാദം കോടതി അംഗീകരിച്ചില്ല. പൊലീസിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും കോടതി പറഞ്ഞു. അതിനിടെ നടൻ പ്രിഥ്വിരാജ് സുകുമാരനെതിരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും ഷാജനെ കോടതി വിലക്കി.
എറണാകുളം അഡീഷണൽ സബ് ജഡ്ജിയാണ് ഈ ഉത്തരവിട്ടത്. പത്ത് കോടിനഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ നൽകിയ സിവിൽ മാനനഷ്ടക്കേസിലാണ് ഇടക്കാല ഉത്തരവ്. ആദായ നികുതി വകുപ്പും എൻഫോഴ്സുമെന്റും നടത്തിയ പരിശോധനയെ തുടർന്ന് 25 കോടി പിഴയടച്ചുവെന്ന വാർത്തക്കെതിരെയാണ് പൃഥ്വിരാജ് കോടതിയെ സമീപിച്ചത്.