ആധാർ കാർഡ് പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി

Advertisement

ആധാർ കാർഡ് പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബർ 14 വരെയായി നീട്ടി. പത്ത് വർഷം മുൻപെടുത്ത ആധാർ കാർഡുകൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാവുന്നതാണ്. കേരള സംസ്ഥാന ഐടി മിഷന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തിന്റെ അറിയിപ്പ് പുറത്തുവിട്ടത്. എന്നാൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയുകയുള്ളൂ എന്നും അറിയിപ്പിലുണ്ട്.
പത്തുവർഷത്തിലേറെയായി ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവർക്ക് അവരുടെ മേൽവിലാസമോ, ജനനത്തിയതിയോ, മറ്റ് വിവരങ്ങളോ സൗജന്യമായി തിരുത്തുന്നതിന് ജൂൺ 14 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയപരിധി. എന്നാൽ അക്ഷയ സെന്ററുകളിലെ ഉൾപ്പെടെ സാങ്കേതികപ്രശ്‌നങ്ങൾ കാരണം വെബൈസൈറ്റ് ലഭ്യമല്ലെന്ന കാരണത്താൽ നിരവധിപേർക്ക് ആധാർ പുതുക്കാനുള്ള അവസരം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കാലാവധി നീട്ടിക്കൊണ്ടുള്ള അറിയിപ്പ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാക്കാവുന്നതാണ്. ഇതിനായി 50 രൂപയാണ് ഫീസ് നൽകേണ്ടത്.

മുഴുവൻ ആധാർ കാർഡ് ഉടമകളും ഓരോ 10 വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ നിർബന്ധമാക്കിയിട്ടുണ്ട്. ആധാറിനായുള്ള എൻറോൾമെന്റ് തീയതി മുതൽ ഓരോ 10 വർഷം കൂടുമ്പോഴും ഉടമകൾക്ക്, ഐഡന്റിറ്റി പ്രൂഫ് സമർപ്പിച്ചുകൊണ്ട്, ആധാർ ഒരു തവണയെങ്കിലും അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. പേര്, ജനനത്തീയതി, വിലാസം മുതലായ വിശദാംശങ്ങൾ മാറ്റണമെങ്കിൽ ഓൺലൈൻ അപ്ഡേറ്റ് സേവനം ഉപയോഗിക്കാവുന്നതാണ്. കൂടാതെ കുട്ടികളുടെ ആധാർ കാർഡ് വിവരങ്ങൾ 15-വയസ് തികയുമ്പോൾ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.