തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് ഇപ്പോഴും മൃഗശാലയ്ക്ക് സമീപമുള്ള മരത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കുരങ്ങിനെ മയക്കുവെടി വയ്ക്കേണ്ട സാഹചര്യമില്ല എന്നും ഭക്ഷണവും വെള്ളവും തേടി കുരങ്ങ് മരത്തില്‍ നിന്ന് താഴെയിറങ്ങുമെന്നുമാണ് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കിയത്. മരത്തിന് ചുറ്റും സന്ദര്‍ശകര്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
ചൊവ്വാഴ്ചയാണ് കുരങ്ങ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്. മന്ത്രി ഔദ്യോഗികമായി കൂട് തുറന്ന് മൃഗശാലയിലേക്ക് വിടുന്നതിന് മുമ്പ് പരീക്ഷണാര്‍ഥം അധികൃതര്‍ കൂടുതുറന്നു. ഇതിനിടെയാണ് കുരങ്ങ് ചാടി പോയത്. നന്തന്‍കോട് ഭാഗത്തേക്ക് കടന്ന കുരങ്ങ് പിന്നീട് മൃഗശാലയിലേക്ക് തന്നെ തിരികെയെത്തുകയും കാട്ടുപോത്തുകളുടെ കൂടിന് സമീപമുള്ള ആഞ്ഞിലി മരത്തില്‍ നിലയുറപ്പിക്കുകയുമായിരുന്നു. തിരുവനന്തപുരം മൃഗശാലയില്‍ പുതുതായി എത്തിച്ച മൃഗങ്ങളില്‍പ്പെട്ടതാണ് ഈ ഹനുമാന്‍ കുരങ്ങും.