തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഡിആര്‍ഐയുടെ കസ്റ്റഡിയില്‍. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവരാണു പിടിയിലായത്. ഇരുവരുടെയും ഒത്താശയോടെ പലപ്പോഴായി കടത്തിയത് 80 കിലോ സ്വര്‍ണമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
വിദേശത്തുനിന്നു വരുന്ന സ്വര്‍ണം സുഗമമായി പുറത്തെത്തിക്കാനുള്ള സഹായമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഈ മാസം നാലാം തീയതി അബുദാബിയില്‍നിന്ന് 4.8 കിലോ സ്വര്‍ണം എത്തിയിരുന്നു. കസ്റ്റംസിന്റെ പരിശോധനയില്‍ ഇവരെ പിടികൂടിയില്ല. എന്നാല്‍ പിന്നാലെ ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ ഇവര്‍ പിടിയിലായി. ഇതിനു പിറ്റേ ദിവസം കടത്തുസംഘത്തിലെ ആളുകള്‍ വിമാന മാര്‍ഗം അബുദാബിയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി കസ്റ്റംസ് ഓഫീസിന് മുന്നില്‍ ബഹളം വച്ചു.
കസ്റ്റംസ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം കയറ്റിവിടുന്നതെന്നും എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ പിടികൂടിയെന്ന തെറ്റിധാരണയുടെ പുറത്താണ് കടത്തു സംഘം അവിടെ എത്തി ബഹളം വച്ചത്. ഇതിനു പുറമേ നിലവില്‍ കസ്റ്റഡിയില്‍ ആയിട്ടുള്ള രണ്ട് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്ത് സംഘാംഗങ്ങളുമായി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തുവിട്ടു. ഇതോടെയാണ് സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് ഡിആര്‍ഐയ്ക്ക് മനസ്സിലാകുന്നത്.
തുടര്‍ന്നു നടന്ന പരിശോധനയിലാണ് ഈ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 80 കിലോയോളം സ്വര്‍ണം കണ്ണൂരിലെ സ്വര്‍ണക്കടത്ത് സംഘം കടത്തിയിട്ടുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ ഡിആര്‍ഐ സംഘം കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തു വരികയാണ്.