കേരളത്തിൽ അടുത്ത 4 ദിവസം ഇടി മിന്നലോടുകൂടിയ മഴ, ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റാകും

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടി മിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത്‌ തീരത്തെത്തും. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

വടക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ അതിതീവ്ര ചുഴലിക്കാറ്റായി ജാഖു പോർട്ടിനു 180 കിലോമീറ്റർ അകലെയായാണ് ഇപ്പോൾ ബിപോർജോയ് സ്ഥിതിചെയ്യുന്നത്. വടക്ക് കിഴക്ക് ദിശയിൽ സൗരാഷ്ട്ര , കച്ചിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മാണ്ഡവിക്കും ഗുജറാത്തിലെ ജാഖു പോർട്ടിനു സമീപം ഇന്ന് വൈകുന്നേരത്തോടെ ബിപോർജോയ് ചുഴലിക്കാറ്റ് എത്തുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിൻറെ പ്രവചനം. 140 km/ hr വേഗതയിൽ അതിതീവ്ര ചുഴലിക്കാറ്റായാണ് ബിപോർജോയ് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യത. ഇത് വരെ അര ലക്ഷത്തോളം പേരെ വിവിധ ഭാഗങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം നൽകി. ബീച്ചുകളും തുറമുഖങ്ങളും എല്ലാം അടച്ചിട്ടുണ്ട്. 18 കമ്പനി ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴയാണ്. പോർബന്തരിൽ മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ തിരമാലയും അടിക്കുനുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നും ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

Advertisement