ഇത്തരക്കാരുടെ പാർട്ടിയല്ല ഇത്, മിനികൂപ്പർ സി ഐ ടി യു നേതാവ് അനിൽകുമാര്‍ പുറത്ത്

Advertisement

കൊച്ചി.ഇത്തരക്കാരുടെ പാർട്ടിയല്ല ഇതെന്ന് എം വി ഗോവിന്ദൻ, മിനി കൂപ്പർ വിവാദത്തിൽപ്പെട്ട സി ഐ ടി യു നേതാവ് അനിൽകുമാറിനെതിരെ നടപടിയുമായി സി പി എം. പെട്രോളിയം ആൻറ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അനിൽകുമാറിനെ പുറത്താക്കി.അനിൽകുമാറിനെ പാർട്ടി അംഗത്വത്തിൽ നിന്നും നീക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എറണാകുളം ജില്ലാ കമ്മറ്റി യോഗത്തിൽ അറിയിച്ചു. യൂണിയൻ്റെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പാർട്ടി ജില്ലാ സെക്രട്ടറി സി എൻ മോഹനനെ മാറ്റാനും തീരുമാനമായി.

മിനി കൂപ്പർ വാങ്ങി ചിത്രം ഫേസ് ബുക്കിൽ പങ്കുവെച്ചതോടെയാണ് സി ഐ ടി യു നേതാവ് അനിൽകുമാർ വിവാദത്തിലായത്. ഇതിലാണ് ഒടുവിൽ പാർട്ടി നടപടി യുണ്ടായിരിക്കുന്നത്. ഇത്തരക്കാരുടെ പാർട്ടിയല്ല ഇതെന്ന് എം വി ഗോവിന്ദൻ എറണാകുളം ജില്ലാ കമ്മറ്റി യോഗത്തിൽ തുറന്നടിച്ചു.പെട്രോളിയം ആൻറ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അനിൽകുമാറിനെ നീക്കി.പാർട്ടിയിൽ അംഗത്വം മാത്രം ഉള്ള ഇയാളെ ഇതിൽ നിന്നും നീക്കാനും തീരുമാനമായി.

ഇതേ യൂണിയൻ്റെ പ്രസിഡൻറായ എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനെയും തൽസ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്.സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന യൂണിയനായതിനാൽ സംസ്ഥാന നേതൃത്വത്തിൽ നിന്ന് ആരെങ്കിലും ഭാരവാഹിയാകട്ടെയെന്നും നേതൃത്വം നിലപാടെടുത്തു.തൃക്കാക്കര തെരഞ്ഞെടുപ്പ് പരാജയം സംഘടനാ ദൗർബല്യമെന്ന് വിലയിരുത്തിയ നേതൃത്വം അന്വേഷണ കമ്മീഷൻ റിപ്പോർട്ടുണ്ടെങ്കിലും ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ കമ്മീഷനുമായി സഹകരിച്ചില്ലെന്നും, ചോദ്യാവലി പോലും പൂരിപ്പിച്ച് നൽകാൻ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ ഗുരുതര പരാമർശമുണ്ട്

Advertisement