തിരുവനന്തപുരം: കെ വിദ്യയുടെ വ്യജ രേഖ കേസ് ഉന്നയിച്ച് എബിവിപി യുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടിയറ്റ് മാർച്ച് അക്രമസക്തമായി.മാർച്ചിന് നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗവും ലാത്തിച്ചാർജും ഉണ്ടായി. എബിവിപി സംസ്ഥാന സെക്രട്ടറി അടക്കം നിരവധി പേർക്ക് പരിക്കേറ്റു. അതിക്രൂരമായ ആക്രമണമാണ് കേരള പോലീസ് പ്രവർത്തകർക്ക് നേരെ നടത്തിയതെന്ന് എബി വി പി ആരോപിച്ചു. പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ച പോലീസ് പിരിഞ്ഞ് പോകാൻ കൂട്ടാക്കാത്ത പ്രവർത്തകർക്ക് നേരെ അഞ്ച് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്
കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലായിരുന്നു സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ വൻ ഉന്തും തള്ളുമാണ് നടന്നത്. പിന്നാലെ യുവതികളടക്കമുള്ള പ്രവർത്തകരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. പുരുഷ പോലീസ് സ്ത്രീകളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പ്രവർത്തകർ ആരോപിച്ചു.
പിന്തിരിഞ്ഞ് ഓടി കല്ലേറ് നടത്തിയ പ്രവർത്തകരെ പൊലീസ് പിൻതുടർന്ന് ലാത്തി വീശി. കല്ലേറിൽ എബിവിപി പ്രവർത്തകയ്ക്ക് തലയ്ക്ക് പരിക്കേറ്റു. പൊലീസ് നടപടിയിൽ നാല് പ്രവർത്തകർക്കും
പരിക്കേറ്റു.ഇരുപതോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി….
ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
എംജി റോഡ് സ്തംഭിച്ചതോടെ മണിക്കൂറുകളായി വാഹനങ്ങൾ കുടുങ്ങി.
കേരളത്തിലെ സർവ്വകലാശാലകളില്‍ എസ്എഫ്‌ഐയുടെ അഴിഞ്ഞാട്ടമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അതിനുകുടപിടിക്കുന്നെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി പറഞ്ഞു. വിദ്യയെ അറസ്റ്റ് ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.