താലൂക്ക് ആശുപത്രി വാർഡിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്പ് കടിയേറ്റു

Advertisement

കണ്ണൂർ. തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്പ് കടിയേറ്റു. ചെമ്പേരി സ്വദേശിനി ലതയ്ക്കാണ് അണലിയുടെ കടിയേറ്റത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലത അപകട തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച മകൾക്ക് കൂട്ടിരിപ്പുകാരിയായാണ് ചെമ്പേരി സ്വദേശിനിയായ ലത ആശുപത്രിയിൽ എത്തിയത്. പേ വാർഡിൽ നിലത്തു പായ് വിരിച്ച് കിടന്നുറങ്ങുകയായിരുന്നു ലതയുടെ കൈത്തണ്ടയിൽ ആണ് അണലിയുടെ കടിയേറ്റത്. പിന്നാലെ ലതയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി പരിസരം വൃത്തിയായാണ് സൂക്ഷിച്ചിരുന്നതെന്ന് സൂപ്രണ്ട്.

സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ പാമ്പ്പിടുത്തക്കാരെ എത്തിച്ച് പരിശോധന നടത്തി. സമീപത്തെ കുറ്റിക്കാടുകൾ നീക്കം ചെയ്യുന്ന പ്രവർത്തിയും ആരംഭിച്ചു. സുരക്ഷാവീഴ്ചയില്ലെണ് തളിപ്പറമ്പ് നഗരസഭയുടെ അവകാശവാദം.

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലത അപകടനില തരണം ചെയ്തിട്ടുണ്ട്.