ഇപ്പോൾ ബാങ്കുകൾ നൽകുന്ന കാർഡുകൾക്കെല്ലാം തന്നെ നിരവധി സവിശേഷതകളുണ്ട്. അത്തരത്തിലൊന്നാണ് കാർഡുകളിലെ ‘വൈ-ഫൈ’ ചിഹ്നം.
ഇപ്പോൾ ലഭിക്കുന്ന കാർഡുകളിൽ എല്ലാംതന്നെ ഇത്തരം വൈ-ഫൈ ചിഹ്നം ഉണ്ട്. ‘കോൺടാക്ട് ലെസ് കാർഡു’കളെ സൂചിപ്പിക്കുന്നതാണ് ഇത്തരം വൈ-ഫൈ ചിഹ്നങ്ങൾ. മിക്ക ബാങ്കുകളുടെയും ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഇപ്പോൾ കോൺടാക്ട് ലെസ് കാർഡുകളാണ്.
മുൻപ് ഉയർന്ന സിബിൽ സ്‌കോറും ബാങ്ക് ബാലൻസുമുള്ള ഉപഭോക്താക്കൾക്കായിരുന്നു ഇത്തരം കാർഡുകൾ നൽകിയിരുന്നത്. എന്നാൽ, അതിൽനിന്ന് മാറി, ഇന്ന് ഉപഭോക്താക്കൾക്കെല്ലാം നൽകുന്നത് കോൺടാക്ട് ലെസ് കാർഡുകളാണ്. കൂടാതെ, ഭാവിയിൽ എല്ലാ കാർഡുകളെല്ലാം തന്നെ ഇത്തരമായിരിക്കും.
വൈഫൈ കാർഡിന്റെ പ്രത്യേകതകൾ
∙പിൻ നമ്പർ ഉപയോഗിക്കാതെ 5,000 രൂപ വരെയുള്ള ഇടപാട് നടത്താം എന്നതാണ് ഇത്തരം കാർഡുകളുടെ പ്രത്യേകത. മുൻപ് ഇത് 2,000 രൂപയായിരുന്നു.
∙ദിവസം ഒന്നിൽക്കൂടുതൽ 5,000 രൂപ വരെയുള്ള ഇടപാട് നടത്താം (ഓരോ ബാങ്കിന്റെയും പരിധി വ്യത്യസ്തമാണ്).
∙5,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് കൂടൂതൽ സുരക്ഷ നൽകുന്നതിനായി പിൻ നൽകി മാത്രമേ ഇടപാട് നടത്താനാകൂ.
∙നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി.) ടെക്നോളജിയിലാണ് ഇത് പ്രവർത്തിക്കുന്നത്. അതിനാൽ പി.ഒ.എസ്. മെഷീനിലും ഈ സൗകര്യമുണ്ട്. സ്വൈപ്പ് ചെയ്യാതെയാണ് ഇത്തരം മെഷീനുകളിൽ ഈ കാർഡുകൾ ഉപയോഗിക്കുന്നത്. മെഷീന്റെ മുകളിൽ കാർഡ് കാണിച്ചാൽ മതി.
∙മെഷീന്റെ നാല് സെന്റിമീറ്റർ പരിധിയിൽ കാർഡ് ലഭ്യമായാലേ ഇടപാട് നടത്താനാകൂ.
∙ കാർഡ് നഷ്ടപ്പെട്ടാൽ മറ്റൊരാൾക്ക് ഇത്തരത്തിൽ ഇടപാട് നടത്താനാകും. അതിനാൽ, കാർഡ് സുരക്ഷിതമായി സൂക്ഷിക്കുക.
∙കാർഡ് നഷ്ടപ്പെട്ടാൽ ഉടൻതന്നെ കാർഡ് ബ്ലോക്ക് ചെയ്യണം. ബാങ്കുകൾ എല്ലാംതന്നെ കാർഡ് ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം അതത് ബാങ്കിന്റെ മൊബൈൽ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്.
∙കാർഡുകൾ മറ്റുള്ളവർക്ക് കൈമാറാതിരിക്കുക.