ഒരു പഴയ എസ്എഫ്ഐ സഖാവ് എഴുതി കീറിക്കളഞ്ഞ കുറിപ്പ് ചേര്‍ത്തുവച്ചത്
നിര്‍ദോഷി
മൂല്യവും ആശയപോരാട്ടശേഷിയും അളവുകോലായാല്‍ ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനമായിരുന്നു എസ് എഫ് ഐ എന്ന് കണക്കുവച്ചിരുന്ന കാലം ഒരു പാട് പഴയതല്ല. ഒരു എസ്. എഫ്. ഐക്കാരനെന്നോ കാരിയെന്നോ വച്ചാൽ അവർ വിദ്യാർത്ഥി സമൂഹത്തിനാകെ മാതൃകയായിരുന്നു എന്നത് മൂലമാണ് ഈ പ്രസ്ഥാനം ക്യാമ്പസിനെ ചോരയോട്ടം കൊണ്ട് ചുവപ്പിച്ചത്. കാമ്പസിലെ എസ്. എഫ്. ഐ നേതാവിനെപോലെ ജീവിക്കാനും സംസാരിക്കാനും അക്കാലം പലരും കൊതിച്ചിരുന്നു. ശുദ്ധി, സത്യസന്ധത, ധൈര്യം, സമർപ്പണം തുടങ്ങിയ നിരവധി ഗുണങ്ങൾ എസ് എഫ് ഐ നേതാക്കളിൽ പോയ തലമുറ കണ്ടിട്ടുണ്ട്.
കെ. എസ്. യു എന്ന വിദ്യാർത്ഥി സംഘടനയുടെ കൈപ്പിടിയിലായിരുന്ന കേരളത്തിലെ കാമ്പസുകളെ എസ്. എഫ്. ഐ അക്ഷരാർത്ഥത്തിൽ പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് ഗ്രൂപ്പുനേതാക്കളുടെ പെട്ടിയെടുപ്പുകാരായി കെഎസ് യു മാറിയത് ചൂണ്ടിക്കാട്ടി എസ്. എഫ്. ഐ വളര്‍ന്നു കയറിയത് അതിനു പിന്നിൽ അണി നിരന്നവരുടെ കരുത്തും കാമ്പും മൂലമായിരുന്നു. 1970 ഡിസംബർ 30,31തീയതികളിലും 1971 ജനുവരി ഒന്നിനുമായി തിരുവനന്തപുരത്ത് വി.ജെ.ടി ഹാളിൽ നടന്ന സമ്മേളനത്തിൽ രൂപവൽക്കരിക്കപ്പെട്ട എസ്. എഫ്. ഐ പോയകാലത്ത് പിന്നിട്ട വഴികളൊക്കെയും ത്യാഗസുരഭിലമായിരുന്നു. 1971 ഒക്ടോബർ എട്ടിന് കൊല്ലപ്പെട്ട ദേവപാലൻ മുതൽ മുഹമ്മദ് മുസ്തഫയും സെയ്താലിയും അഷ്ഫറും എം.എസ്. പ്രസാദും ഭുവനേശ്വരനും ശ്രീകുമാറും സി.വി. ജോസും അഭിമന്യുവും ധീരജും അജയപ്രസാദും സജിൻ ഷാഹുലും ഫാസിലും വരെ 60ലധികം രക്തസാക്ഷികളുടെ ചുടുചോര വീണ മണ്ണിലാണ് കേരളത്തിലെ മുഴുവൻ സർവ്വകലാശാലാ യൂണിയനുകളും ഭരിക്കുന്ന ഏക വിദ്യാർത്ഥി പ്രസ്ഥാനമായി എസ്. എഫ്. ഐ വളർന്നത്.
അത്രമേൽ നേരും നെറിയും വിശുദ്ധിയും ഉണ്ടാകേണ്ട എസ്. എഫ്. ഐയുടെ ഇന്നത്തെ അവസ്ഥ പരമദയനീയമെന്ന് പറയാതെ വയ്യ. വർത്തമാന കാലത്തെ എസ്. എഫ്. ഐ തൊട്ടതെല്ലാം പിഴക്കുകയാണ്. മാധ്യമങ്ങൾ പെരുപ്പിച്ചു കാണിക്കുന്നു, ഗൂഡാലോചന നടത്തുന്നു എന്നൊക്കെ ഒരു താളത്തിൽ പറഞ്ഞു പോകാമെങ്കിലും അതുക്കും മേലേയാണ് യാഥാർത്ഥ്യങ്ങൾ. നിന്ന് മുള്ളുന്നത് കുറ്റമല്ലാതെ വരുകയും അത് കണ്ടോണ്ട് വരുന്നത് കുറ്റമാവുകയും ചെയ്യുന്ന മനോഭാവം അമിതമായി വാൽസല്യം കിട്ടി വളരുന്നതിൽ നിന്ന് ഉണ്ടാവുന്നതാണ്. ഈ മനോവൈകല്യമാണ് അജീർണം ബാധിച്ച് ദുർമേദസ്സായി കാട്ടാക്കട കൃസ്ത്യൻ കോളേജ് മുതൽ എറണാകുളം മഹാരാജാസ് കോളേജ് വരെ അനുഭവ വേദ്യമാകുന്നത്.
ഇങ്ങനെയൊക്കെ ചെയ്യുന്നതും ഈ വളർത്ത് ദോഷങ്ങളെ ന്യായീകരിക്കുന്നതും അത്ര നല്ലതല്ലെന്ന് കേരളയെ സമൂഹം ഉറക്കെ പറയുന്നത് ചെവിയോര്‍ത്താല്‍ കേള്‍ക്കാനാവും. അധികാരത്തിന്‍റെ ദുര്‍മേദസിനാല്‍ നയവ്യതിചലനമുണ്ടാകുമ്പോള്‍ നേതാക്കള്‍ പോലും അറിവിന്‍റെയും ആദര്‍ശത്തിന്‍റെയും നിലപാട് തറയില്‍ ചുവടുറപ്പിച്ച് നില്‍ക്കുന്ന എസ്എഫ്ഐ നേതാവിനെ ഭയന്നിരുന്നു എന്നത് കെട്ടുകഥയല്ല. ഇടതുപക്ഷത്തുനിന്നു വളര്‍ന്നു കയറുന്ന ചെറു പൊടിപ്പുകളെ ഒട്ടനവധി പ്രതീക്ഷയോടെ ലോകം ഇന്നും കാത്തിരിക്കുന്നുണ്ട്. പക്ഷേ ആ പ്രതീക്ഷകളുടെ കൂമ്പടയുന്നതാണിന്ന് കാണുന്നത് . 3000രൂപയുടെ ബ്രാൻഡഡ് ഷർട് ധരിച്ച് നന്നായി മേക്കപ്പിട്ട് ചാനൽ മുറികളിൽ ചർച്ചക്കെത്തുന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ കാണുമ്പോൾ തോന്നുന്ന വികാരം അസൂയയല്ല അവജ്ഞയാണ്. പരിപ്പുവടയുടെയും കട്ടൻ ചായയുടെയും കമ്യൂണിസം വരില്ലെന്ന് ഗവേഷിച്ച് കാറിയ കേന്ദ്രകമ്മിറ്റിയംഗം ഉള്ള പാർട്ടിയിൽ അതൊരു കൈക്കുറ്റപ്പാട് അല്ലായിരിക്കാം. പക്ഷേ,ഒരു നേരത്തെ പട്ടിണി മാറ്റാൻ കൂലിപ്പണിക്ക് പോകുന്നവന്റെ മകനും ഒരാഴ്ച റേഷൻ കടകൾ അടഞ്ഞാൽ പട്ടിണിയിലാവുന്ന കുടുംബത്തിൽ നിന്ന് വരുന്ന പെൺകുട്ടിയും ഒക്കെയാണ് എസ്. എഫ്. ഐ യുടെ മാസ് ബേസ് എന്നിരിക്കെ ഈ ധാരാളിത്തം അശ്ലീലമാണെന്നു പറയാതിരിക്കാനാവില്ല.
മോശമായ പേരന്റിംഗിന് ഒരുദാഹരണം പറയാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ കണ്ണുമടച്ച് സി. പി. ഐ(എം) നെ ചൂണ്ടിക്കാട്ടാനാവും. അത്രക്ക് നിരുത്തരവാദപരമായ സമീപനമാണ് എസ്. എഫ്. ഐ നേതാക്കളുടെ ദുർനടപ്പ് നിയന്ത്രിക്കുന്നതിൽ പാർടി കാണിക്കുന്നത് എന്ന് ആധുനികകാല സംഭവങ്ങള്‍ കാട്ടിത്തരുന്നു. അച്ചടി, ദൃശ്യ മാധ്യമങ്ങളിലെ സ്വയം പ്രഖ്യാപിത ന്യായാധിപൻമാർക്കും എസ്. എഫ്. ഐയോടുള്ള കുശുമ്പും കുന്നായ്മയും ജീവശ്വാസമായി കൊണ്ടു നടക്കുന്ന ലേഖകപ്രമാണിമാർക്കും തങ്ങള്‍ പാടിപ്പോന്നത് സത്യമായെന്നു കാട്ടാനുള്ള ചൂണ്ടുപലകയാകരുത് എസ്.എഫ്.ഐ. ഒരുപാട് പേരുടെ സമയവും പ്രയത്നവും ജീവനും ചോരയുമാണ് അത്. നിരവധി പേർ കണ്ട സ്വപ്നങ്ങളാണ് ‘ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം’ എന്ന് ആലേഖനം ചെയ്ത വെള്ളക്കൊടിയിൽ പാറിപ്പറന്ന് നിൽക്കുന്നത് എന്ന് മറക്കരുത്. അവയുടെ ശവക്കുഴി തോണ്ടാൻ സൗഹൃദം മുതൽ പ്രണയം വരെയുള്ള ദൗർബല്യങ്ങൾക്ക് വഴങ്ങി നിന്നു കൊടുക്കുന്ന നേതാക്കള്‍ അനുതാപമല്ല അവജ്ഞയാണ് അര്‍ഹിക്കുന്നത്.
മാറിയ കാലം ആഗ്രഹിക്കുന്ന എസ്. എഫ്. ഐ ഇതായിരിക്കാം എന്ന് സ്വയം സമാധാനിക്കാനാവുന്നില്ല. എക്കാലവും തിരുത്തലുകള്‍ ഉണ്ടാകേണ്ടത് ക്യാംപസിലെ തലച്ചോറുകളില്‍നിന്നുമായിരിക്കേണ്ടതല്ലേ. കണിശക്കാരനായ ഒരു പാർട്ടി സെക്രട്ടറി പോലും എസ്. എഫ്. ഐയുടെ കാര്യം വരുമ്പോൾ ചഞ്ചലചിത്തനാവുന്നത് അദ്ദേഹം പോലും അറിയാതെ ഈ മാറ്റം ഉൾക്കൊള്ളുന്നത് കൊണ്ടു കൂടിയാവാം. അച്ഛന്‍ വടിയെടുക്കുമെന്ന ബോധം പോലും മക്കളെ നേര്‍വഴിക്കു നയിച്ചിരുന്നത് പഴങ്കഥയായിപ്പോയോ. പേറെടുക്കാൻ പോയ അച്ചി ഇരട്ട പെറ്റെന്ന് കേട്ടിട്ടേയുള്ളൂ. എസ്. എഫ്. ഐയുടെയും സി. പി. ഐ(എം)ന്റെയും കാര്യത്തിൽ ഇപ്പോഴത് കേരളം കണ്ടു കൊണ്ടിരിക്കുകയാണ്.