അറിയുമോ പ്രധാനമന്ത്രി പറഞ്ഞ താമരക്കുളം സ്കൂളിലെ അധ്യാപകനെ?

Advertisement

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൻറെ ഏറ്റവും പുതിയ എപ്പിസോഡ് കഴിയുമ്പോൾ മലയാളികൾ തിരയുന്നത് റാഫി രാംനാഥിനെക്കുറിച്ചാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിനിടെ പരാമർശിച്ചതോടെ റാഫി രാംനാഥ് കൂടുതൽ ശ്രദ്ധ നേടുകയാണ്. അതിനിടെ റാഫിയുടെ കുടുതൽ വിവരങ്ങൾ പങ്കുവച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തുകയും ചെയ്തു.

താമരക്കുളം വി വി എച്ച് എസ് എസി ൽ ജീവശാസ്‌ത്രം അധ്യാപകനാണ് റാഫി. പരിസ്ഥിതി പ്രവർത്തനത്തിലൂടെയും മരം നടലിലൂടെയും ഔഷധ സസ്യ തോട്ട നിർമ്മാണത്തിലൂടെയുമൊക്കെയാണ് ഇദ്ദേഹം പ്രശസ്തനായത്. പുതു തലമുറയെ പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രധാന്യം മനസ്സിലാക്കികൊടുത്ത് ആ വഴികളിലൂടെ നടത്തിക്കുന്നതിനിടയിലാണ് റാഫിയെ തേടി പ്രധാനമന്ത്രിയുടെ പ്രശംസയും എത്തുന്നത്.

തെക്കേക്കര പള്ളിയാവട്ടം സന്തോഷ് ഭവനിൽ രാമനാഥൻപിള്ളയുടെയും സുഭദ്രാമ്മയുടെയും മകനായ റാഫി താമരക്കുളം വി വി എച്ച് എസ് എസി ൽ ജീവശാസ്‌ത്രം അധ്യാപകനാണ്. പരിസ്ഥിതി ക്ലബ്ബിന്റെ കോർഡിനേറ്ററായി കുട്ടികളെ കൂട്ടി മണ്ണും വെള്ളവും വായുവും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളാരംഭിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ റാഫി സ്‌കൂളിൽ ആരംഭിച്ച ഔഷധസസ്യ തോട്ടത്തിൽ ഇപ്പോൾ 250 ലേറെ തരം ഔഷധ സസ്യങ്ങളുണ്ട്. ജില്ലയിൽ വിദ്യാലയങ്ങളും സർക്കാർ ഓഫീസുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് നക്ഷത്രവനം, ഔഷധത്തോട്ടം, ശലഭപ്പാർക്ക് തുടങ്ങി ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനം സംഘടിപ്പിച്ച് ഒരുലക്ഷത്തിലേറെ വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ നാട്ടുപച്ച പദ്ധതിക്ക് ഊർജം പകർന്ന് മുന്നിൽനിന്നു. വി വി എച്ച് എസ് എസിൽ 115 ഇനങ്ങളിലെ 406 മരങ്ങൾ നട്ടുപിടിപ്പിച്ച് വിദ്യാവനം പദ്ധതി നടപ്പാക്കി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയർമാനാണ്. ശുചിത്വ മിഷന്റെ റിസോഴ്‌സ് പേഴ്‌സനാണ്. ഭാര്യ: ശ്രീലക്ഷ്‌മി. മക്കൾ: അദ്വൈത്, പാർഥിവ്.