പൊൻമുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം,നാല് യുവാക്കൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

Advertisement

തിരുവനന്തപുരം. വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം.
പൊന്മുടി ഇരുപത്തിരണ്ടാം വളവിൽ നിന്നാണ് പജീറോ കാർ നിയന്ത്രണം വിട്ട് 500 മീറ്റര്‍ ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന അഞ്ചൽ സ്വദേശികളായ നാല് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്കുത്തായ പ്രദേശത്ത് നിന്ന് യുവാക്കളെ രക്ഷിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും. പരിക്കേറ്റവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി.

അഞ്ചൽ, ഏരൂർ സ്വദേശികളായ 
നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്..പൊന്മുടി കണ്ട് തിരിച്ച് മടങ്ങുകയായിരുന്നു സംഘം. കനത്ത മഞ്ഞും മഴയും കാരണം മുമ്പിലത്തെ കാഴ്ച കാണാൻ കഴിയാതിരുന്നതും അപകട കാരണമായി. 300 മീറ്ററോളം താഴ്ച്ചയിൽ കീഴ്ക്കാംതൂക്കായ കൊക്കയിൽ വാഹനം വലിയൊരു മരത്തിലിടിച്ച് നിൽക്കുകയായിരുന്നു..

രക്ഷപ്പെട്ട് മുകളിലെത്തിയ യുവാക്കളിലൊരാളാണ് വിവരം വനം വകുപ്പ് വാച്ചർമാരെയും നാട്ടുകാരെയും അറിയിച്ചത്.പിന്നാലെ ഊർജിതവും അത്യന്തം ശ്രമകരവുമായ രക്ഷാപ്രവർത്തനം..രണ്ടര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ അപകടത്തിൽപ്പെട്ടവരെ മുകളിലേക്ക് എത്തിച്ചു..

രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. തലയ്ക്കും, കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാലുപേരെയും 
തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു..