തൃശൂര്. തോക്ക് ചൂണ്ടി ബവ്കോ മദ്യശാലയിൽ മദ്യം ആവശ്യപ്പെട്ട് അതിക്രമം നടത്തിയ സംഘത്തിൽ സ്വർണ്ണക്കടത്ത് കേസ് പ്രതിയും. സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ പതിനാറാം പ്രതിയാണ് കോഴിക്കോട് മിഞ്ചന്ത സ്വദേശിയായ ജിഫ്സൽ. ജിഫ്സൽ ഉൾപ്പെടെ അറസ്റ്റിലായ നാല് പ്രതികളും ഇപ്പോൾ വിയൂർ ജയിലിലാണ്.
വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് നാലംഗ സംഘം തൃശൂർ പൂത്തോളിലെ കൺസ്യൂമർ ഹെഡ് മദ്യശാലയിലെത്തി അതിക്രമം നടത്തിയത്. ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വെസ്റ്റ് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്. പാലക്കാട് സ്വദേശികളായ അബ്ദുൾ, നിസാർ കോഴിക്കോട് സ്വദേശികളായ ജിഫ്സൽ റഫീക്ക് എന്നിവരാണ് പിടിയിലായ പ്രതികൾ. ഇവരിൽ നിന്ന് തോക്കും പോലീസ് കണ്ടെടുത്തിരുന്നു.
അക്രമി സംഘത്തിലുണ്ടായിരുന്ന കോഴിക്കോട് മിഞ്ചന്ത സ്വദേശി ജിഫ്സൽ സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിലെ പ്രതിയാണെന്ന് പോലീസ് നടത്തിയ പരിശോധനയിൽ തെളിഞ്ഞു. കസ്റ്റംസ് ഫയൽ ചെയ്ത കേസിലെ 29 പ്രതികളിൽ 16 ആം പ്രതിയാണ് ജിഫ്സൽ. കേസിൽ ജിഫ്സൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് തൃശൂരിലെ അതിക്രമത്തിൽ പിടിയിലാവുന്നത്. ജിഫ്സലിന് തൃശൂരിലെ സ്വർണ വ്യാപാരവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും തോക്കുമായി സംഘം ചേർന്ന് എന്തിന് തൃശൂരിൽ എത്തി എന്നതിനെ കുറിച്ച് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.