തിരുവനന്തപുരം.കായംകുളം പോലീസിനെതിരെ ആരോപണവുമായി കോവളത്ത് വിവാഹത്തിനിടെ പോലീസ് പിടിച്ചു കൊണ്ടുപോയ പെൺകുട്ടി. പോലീസുകാർ മോശമായാണ് പെരുമാറിയതെന്ന് കായംകുളം സ്വദേശിനി അൽഫിയ പറഞ്ഞു. പോലീസ് ഇടപെടലിനെ തുടർന്ന് മുടങ്ങിയ വിവാഹം നാളെ നടക്കും.
ഇന്നലെ വൈകിട്ട്, ആൽഫിയുടെയും കോവളം സ്വദേശി അഖിലിന്റെയും വിവാഹത്തിന് തൊട്ടു മുൻപായിരുന്നു കായംകുളം പോലീസിന്റെ ഇടപെടൽ. തിരുവനന്തപുരം കോവളത്ത് മാടൻതമ്പുരാൻ ക്ഷേത്രത്തിൽ വിവാഹത്തിനെത്തിയ അൽഫിയയെ പോലീസ് ഉദ്യോഗസ്ഥർ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. അൽഫിയയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്നായിരുന്നു നടപടി. ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ അൽഫിയെ അഖിലിനൊപ്പം പോകാൻ അനുവദിച്ചു.
സമൂഹമാധ്യമത്തിലൂടെയാണ് അൽഫിയെയും അഖിലും പ്രണയത്തിലായത്. വെള്ളിയാഴ്ച കോവളത്ത് എത്തിയ അൽഫിയ കോവളം പോലീസ് സ്റ്റേഷനിൽ എത്തി അഖിലിനൊപ്പം പോകുകയാണെന്ന് അറിയിക്കുകയും പോലീസ് ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കളുടെ പരാതി ചൂണ്ടിക്കാട്ടി കായംകുളം പോലീസ് എത്തി അൽഫിയയെ കൊണ്ടുപോയത്. മുടങ്ങിയ വിവാഹം നാളെ വൈകിട്ട് ക്ഷേത്രത്തിൽ തന്നെ നടക്കുമെന്ന് ഇരുവരും അറിയിച്ചു. അതിനിടെ പോലീസ് ഉദ്യോഗസ്ഥർ ബൂട്ടിട്ട് ക്ഷേത്രത്തിനുള്ളിൽ കയറിയെന്ന് ക്ഷേത്രം ഭാരവാഹികൾ പരാതിപ്പെട്ടു.