കൊച്ചി: ഗുണനിലവാരമില്ലാത്ത, വില കുറഞ്ഞ സാധനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് അനിയന്ത്രിതമായി കൊണ്ടുവന്ന് തള്ളുന്നതിന് കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ആഭ്യന്തര വ്യവസായങ്ങളെ സംരംക്ഷിക്കാനും ഇന്ത്യയെ ഡമ്പിങ് കേന്ദ്രമായി മാറ്റുന്നതിന് തടയിടാനും ലക്ഷ്യമിട്ടാണ് ഇറക്കുമതി നിയമങ്ങളില്‍ മാറ്റം വരുത്തുന്നത്.
മൂന്നാം ലോക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഗുണനിലവാരമില്ലാത്ത, കുറഞ്ഞ സാധനങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി നടത്തുന്നതായി കേന്ദ്ര വാണിജ്യ മന്ത്രാലയം കഴിഞ്ഞ മാസങ്ങളില്‍ കണ്ടെത്തിയിരുന്നു. ഉത്പന്നങ്ങളുടെ നിർമാണ സ്രോതസ് കൃത്യമായി വ്യക്തമാക്കാതെ അവികസിത വിപണികളില്‍ നിന്നും ഇറക്കുമതി അനുവദിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഗുണമേന്മയില്ലാത്ത കളിപ്പാട്ടങ്ങളും ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സും വന്‍തോതില്‍ നിയന്ത്രണങ്ങളില്ലാതെ ഒഴുകിയെത്തുന്നതു മൂലം ഇന്ത്യന്‍ കമ്പനികളുടെ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വിവിധ വൃവസായ, വാണിജ്യ സംഘടനകളും ആരോപിക്കുന്നു.
ഇലക്ട്രോണിക്സ്, സെമികണ്ടക്റ്റര്‍ ചിപ്പുകള്‍, ഹരിത ഇന്ധനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണ രംഗത്തെ ആഗോള ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഈ നടപടികള്‍ ബാധിക്കുമെന്നും അവര്‍ പറയുന്നു. ഗുണനിലവാരമില്ലാത്ത വില കുറഞ്ഞ ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ അമെരിക്കയും യൂറോപ്യന്‍ യൂണിയനും ക്യാനഡയും അടക്കമുള്ള വികസിത രാജ്യങ്ങള്‍ സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഉള്‍പ്പെടുത്തുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്തി പുതിയ നയത്തിന് രൂപം നല്‍കാനാണ് വാണിജ്യ, വ്യവസായ മന്ത്രാലയം ഒരുങ്ങുന്നത്.
ഇറക്കുമതിക്ക് ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ആന്റി ഡമ്പിങ് നികുതികളും സേഫ്ഗാര്‍ഡ് നികുതികളും കൊണ്ടുവരാനും കേന്ദ്രസര്‍ക്കാര്‍ സജീവമായി ആലോചിക്കുന്നുണ്ട്. സമ്പൂര്‍ണ സ്വതന്ത്ര വ്യാപാരത്തിന്റെ സാധ്യതകള്‍ ദുരുപയോഗപ്പെടുത്തി വ്യാജ ഉത്പന്നങ്ങള്‍ വ്യാപകമായി ഇന്ത്യന്‍ വിപണിയിലേക്ക് തള്ളുന്ന രീതി വർധിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചിട്ടുള്ള ശ്രീലങ്ക, ആസിയാന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ചൈനയില്‍ നിർമിച്ച ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി എത്തുന്നതിന് തടയിടാന്‍ “കണ്ട്രി ഒഫ് ഒറിജിന്‍’ ടാഗ് ഏര്‍പ്പെടുത്തുന്നതിലൂടെ കഴിയുമെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ. ഇറക്കുമതി നിബന്ധനകള്‍ കടുപ്പിച്ചതോടെ കഴിഞ്ഞമാസം ഇന്ത്യയിലേക്കുള്ള ഉത്പന്ന ഇറക്കുമതി 6.7 ശതമാനം ഇടിഞ്ഞ് 6113 കോടി ഡോളറില്‍ എത്തിയിരുന്നു.