പാലക്കാട് .കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു.പത്തനംതിട്ട സ്വദേശി അരവിന്ദന്‍ ആണ് മരിച്ചത്.സാരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി.കഞ്ചിക്കോട് വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കൈരളി സ്റ്റീല്‍ ടിഎംടി കമ്പനിയിലാണ് പുലര്‍ച്ചെ പൊട്ടിത്തെറിയുണ്ടായത്
പുലര്‍ച്ചെ അഞ്ചുമണിയോടെ വലിയ ശബ്ദം കേട്ടാണ് നാട്ടുകാര്‍ കമ്പനിയിലേക്കെത്തുന്നത്.പ്ലാന്റിലെ ഫര്‍ണസ് പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.പൊട്ടിത്തെറിയില്‍ എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ പത്തനംതിട്ട സ്വദേശി അരവിന്ദന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.വാഹനത്തിനുളളില്‍ കുടുങ്ങി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.മറ്റ് രണ്ട് അതിഥി തൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്
പാലക്കാട്,കഞ്ചിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ യൂണിറ്റുകളെത്തിയാണ് തീയണച്ചത്.ഏഴ് മണിയോടെ തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കി
ജില്ലാ കളക്ടര്‍ എസ് ചിത്ര സംഭവസ്ഥലം സന്ദര്‍ശിച്ചു.സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.അപകടത്തില്‍ പരിക്കേറ്റ രണ്ട് തൊഴിലാളികള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍