എ ഐ ക്യാമറ പദ്ധതിയിലെ ക്രമക്കേട് ഹര്‍ജി,ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

Advertisement

കൊച്ചി. എ ഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹർജിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകരുതെന്ന് കോടതി നിര്‍ദേശിച്ചു. കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ്ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണ്ണായക ഇടപെടല്‍. പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകരുതെന്ന് നിര്‍ദേശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നും വ്യക്തമാക്കി. സംസ്ഥാന സർക്കാർ രണ്ട് ആഴ്ചയ്ക്കകം എതിർസത്യവാങ്മൂലം ഫയൽ ചെയ്യണം. കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും കരാറുകാര്‍ക്ക് പണം കൊടുക്കുന്നത് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി മുന്‍പാകെ എത്തിയത്. സ്റിറ്റും കെൽട്രോണും ,മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള കരാറുകളും മറ്റ് ഉപകരാറുകളും റദ്ദാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. സ്റിറ്റിന് ടെൻഡർ യോഗ്യതയില്ലെന്നും പ്രഖ്യാപിക്കുന്നതിനൊപ്പം എ.ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement