വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് ബാങ്ക് അധികൃതർ, ജപ്തി ഭീഷണിയിൽ മനംനൊന്ത് വയോധികൻറെ ആത്മഹത്യ

Advertisement

കോട്ടയം: ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്തു. കോട്ടയം പുളിഞ്ചുവടിന് സമീപം കാരേപ്പറമ്പിൽ ഗോപാലകൃഷ്ണൻ ചെട്ടിയാർ (77) ആണ് ആത്മഹത്യ ചെയ്തത്.

ഫെഡറൽ ബാങ്കിൽ നിന്ന് ​ഗോപാലകൃഷ്ണൻ ഭവന നിർമ്മാണ വായ്പ എടുത്തിരുന്നു. ഈ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. വായ്പ കുടിശികയായതിനെ തുടർന്ന് ബാങ്ക് അധികൃതർ വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യമാണ് ​ഗോപാലകൃഷ്ണനെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു.

ബാങ്ക് അധികൃതർ തിങ്കളാഴ്ച്ച വീട്ടിലെത്തിയിരുന്നു. ഇതിന് പിറ്റേ ദിവസം ചൊവ്വാഴ്ച വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്ന് കുടുംബം പറയുന്നു. കൂലിപ്പണിക്കാരനായ ഗോപാലകൃഷ്ണൻ 10 ലക്ഷം രൂപയാണ് 2018 ൽ ഭവന വായ്പ എടുത്തത്. കോവിഡ് സമയത്തായിരുന്നു വായ്പയെടുത്തിരുന്നത്. എന്നാൽ കോവിഡ് മൂലം വായ്പ തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. 10 ലക്ഷം രൂപ പലിശ ഉൾപ്പെടെ 14 ലക്ഷം രൂപയോളം ആയിരുന്നു. ഇത് തിരിച്ചടക്കാൻ ​ഗോപാലകൃഷ്ണന് കഴിഞ്ഞിരുന്നില്ല. എന്നാൽ വായ്പയിലേക്ക് ഒരു ലക്ഷം രൂപ അടച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു.

ഭിന്നശേഷിക്കാരിയായ മകളുള്ളയാളാണ് ഗോപാലകൃഷ്ണൻ. വീട് ജപ്തി ചെയ്താൽ മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് കുടുംബക്കാർ പറയുന്നു. സംഭവത്തെ പറ്റി പ്രതികരിക്കാനില്ലെന്നും ഹെഡ് ഓഫിസിൽ നിന്ന് പ്രതികരിക്കുമെന്നും ഫെഡറൽ ബാങ്ക് മാനേജർ വ്യക്തമാക്കി.

Advertisement