കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം. മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു.
തുടർച്ചയായ 24 -ാം തവണയാണ് എസ്‌എഫ്‌ഐ ജയിക്കുന്നത്. ചെയർപേഴ്‌സണായി ടി പി അഖിലയും ജനറൽ സെക്രട്ടറിയായി ടി പ്രതികും തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ, വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അതേസമയം, എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ കായംകുളം വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ സിപിഎമ്മിനെതിരെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. എസ്എഫ്ഐ നേതാവിനായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച സിന്‍ഡിക്കേറ്റ് മെമ്പർ ആരാണെന്ന് അദ്ദേഹം ചോദിച്ചു. കായംകുളത്തു നിന്നുള്ള ഏക സിൻഡിക്കേറ്റ് മെമ്പർ കെഎച്ച് ബാബുജൻ ആണ്. വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ പ്രവർത്തിച്ചത് ബാബുജനാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ക്രമവിരുദ്ധ പ്രവർത്തനങ്ങൾ ബാബുജൻ നടത്തിയിട്ടുണ്ടെങ്കിൽ യൂണിവേഴ്സിറ്റിയിലെ സ്ഥാനങ്ങൾ ഒഴിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എല്ലായിടത്തും ഒറ്റപ്പെട്ട സംഭവങ്ങൾ എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നുവെന്ന് എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തല ബാബുജന്‍റെ പേര് പരാമർശിച്ച് രംഗത്ത് വന്നത്.