കൊച്ചി: മുൻ എംപിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപിയെയും കുടുംബത്തെയും മൂകാംബികയിൽ വെച്ച് കണ്ടതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് നടൻ ഷാജു ശ്രീധർ. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഷാജു മൂകാംബികയിലെത്തിയപ്പോഴായിരുന്നു അപൂർവ്വമായ കുടുംബസമാഗമത്തിന് വഴിതെളിഞ്ഞത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ‘താരജാഡകളില്ലാത്ത മനുഷ്യസ്‌നേഹി’എന്ന കുറിപ്പോടെ ഷാജു സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.
ഞങ്ങളുടെ സൂപ്പർതാരത്തിനോടും കുടുംബത്തിനോടും ഒപ്പം ഒരു ഒത്തുകൂടൽ എന്നും ഷാജു കൂട്ടിച്ചേർത്തിട്ടുണ്ട്. മൂകാംബികയിൽ ദർശനത്തിന് എത്തിയതിനിടെയായിരുന്നു അപ്രതീക്ഷിതമായ കൂടിക്കാഴ്ച. മൂകാംബികയിൽ പൂജയ്ക്ക് എത്തിയതായിരുന്നു സുരേഷ് ഗോപിയും കുടുംബവും. ഷാജുവും കുടുംബവും മൂകാംബികയിൽ ഉണ്ടെന്ന് അറിഞ്ഞതോടെ കണ്ടിട്ട് പോയാൽ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഷാജുവും കുടുംബവും സുരേഷ് ഗോപിക്കായി കാത്തുനിന്നു. അങ്ങനെയാണ് താരകുടുംബങ്ങൾ മൂകാംബിക സന്നിധിയിൽ ഒത്തുകൂടിയത്. രാത്രിയിൽ ഒരുമിച്ച് ഭക്ഷണവും കഴിച്ച ശേഷമാണ് പിരിഞ്ഞത്. സുരേഷ് ഗോപിയും ഭാര്യ രാധികയും മക്കളായ ഗോകുൽ, മാധവ്, ഭാഗ്യ എന്നിവരും ഒപ്പമുണ്ടായിരുന്നു. രണ്ട് മക്കൾക്കൊപ്പമാണ് ഭാര്യ ചാന്ദ്‌നിയുമായി ഷാജു എത്തിയിരുന്നത്.
ക്ഷേത്ര ദർശനം കഴിഞ്ഞ വേഷത്തിൽ നിൽക്കുന്ന ഷാജുവിന്റെ തോളിൽ കൈയ്യിട്ട് സൗഹൃദം ഊട്ടിയുറപ്പിച്ച് കുടുംബസമേതം നിൽക്കുന്ന സുരേഷ് ഗോപിയുടെ ചിത്രവും ഗോകുലും മാധവുമൊന്നിച്ച് ഷാജു നിൽക്കുന്ന ചിത്രവുമാണ് പങ്കുവെച്ചത്.