കോട്ടയം . മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് 54 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി.
ബാർകോഡും ഹോളോഗ്രാമും പതിച്ച ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അഞ്ചുദിവസം തുടർച്ചയായി യൂണിവേഴ്സിറ്റിയിൽ സർട്ടിഫിക്കറ്റുകൾ അരിച്ചുപെറുക്കി എങ്കിലും ഫലം ഉണ്ടായില്ല. പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് യൂണിവേഴ്സിറ്റി അധികൃതർ.
ബാർകോഡും ഹോളോഗ്രാമും അടങ്ങിയ സർട്ടിഫിക്കറ്റുകളിൽ വൈസ് ചാൻസിലറുടെ ഒപ്പും വിദ്യാർത്ഥിയുടെ പേരു വിവരങ്ങളും കൂടി ചേർത്താൽ ഒറിജിനൽ സർട്ടിഫിക്കേറ്റുകളാകും. ഇങ്ങനെ തയ്യാറാക്കാൻ വച്ചിരുന്ന 20 ബിരുദാനന്തര ബിരുദ കോഴ്സുകളുടെ 54 സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് കാണാതായത്.
പരീക്ഷാഭവനിലെ രജിസ്റ്ററും കാണാതായിരുന്നു. ഇത് തിരയുന്നതിനിടെ അലക്ഷ്യമായി രണ്ട് സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കണ്ടെത്തി. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് 54 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപെട്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തറിയുന്നത്. അന്നുമുതൽ പരിശോധന നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താൻ ആയിട്ടില്ല.
സെക്‌ഷൻ ഓഫീസർക്കാണ് ഫോർമാറ്റുകൾ സൂക്ഷിക്കാനുള്ള ചുമതല. ഈ ഫോർമാറ്റുകൾ ഉപയോഗിച്ച് നിഷ്പ്രയാസം വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കാൻ കഴിയുമെന്നതാണ് സംഭവത്തിന്റെ ഗുരുതര സ്വഭാവം വർധിപ്പിക്കുന്നത്. റിപ്പോർട്ട് നൽകാൻ വൈസ് ചാൻസലർ പരീക്ഷാകൺട്രോളറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോലീസിൽ മോഷണ കേസ് നൽകാനും തീരുമാനമായി.