മലപ്പുറം ∙ പെരിന്തൽമണ്ണയ്ക്കു സമീപം കീഴാറ്റൂർ പഞ്ചായത്ത് ഓഫിസിന് യുവാവ് തീയിട്ടു. കന്നാസിൽ പെട്രോളുമായി ഓടിക്കയറിയ ഇയാൾ അതൊഴിച്ചശേഷം തീയിടുകയായിരുന്നു. ആർക്കും പരുക്കില്ല. ലൈഫ് പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ച് കിട്ടാത്തയാളാണെന്ന് പ്രാഥമിക വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
പഞ്ചായത്ത് ഓഫിസിലെ ഫയലുകളും കംപ്യൂട്ടറുകളും കത്തി നശിച്ചു. തീയിട്ട ശേഷം ശുചിമുറിയിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാനായി ഏറെ അലഞ്ഞെന്നും പഞ്ചായത്തിൽനിന്ന് നീതി ലഭിച്ചില്ലെന്നും ആരോപിച്ചാണ് പ്രതി തീയിട്ടത്.
വലിയ കുപ്പിയിൽ പെട്രോളുമായെത്തി, ജീവനക്കാരോട് പുറത്തുപോകാൻ ആവശ്യപ്പെട്ട ശേഷമാണ് പെട്രോളൊഴിച്ച് തീയിട്ടത്. അഗ്നിക്ഷാ സേനയെത്തി തീയണച്ചു.