കോഴിക്കോട്. ജോലിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വിവാദത്തില്‍പെട്ട എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യ പിടിയില്‍. പാലക്കാട് പോലീസ് കോഴിക്കോട് മേപ്പയൂർ വച്ചു പിടികൂടി. എസ്പി ആനന്ദിന്റെ സ്ക്വാഡ് ആണ് പിടികൂടിയത്. പാലക്കാട്ടേക്ക് കൊണ്ടുപോയ വിദ്യയെ നാളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. 15 ദിവസമാണ് വിദ്യ ഒളിവില്‍ കഴിഞ്ഞത്.അഗളി സര്‍ക്കാര്‍ കോളജില്‍ ജോലിക്കായി വിദ്യ ഹാജരാക്കിയ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സംശയം തോന്നി മഹാരാജാസില്‍ അന്വേഷിച്ചപ്പോഴാണ് കള്ളി വെളിച്ചത്താവുന്നത്.
മേപ്പയൂര്‍ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് പിടികൂടിയതെന്ന് പറയുന്നു. ടവര്‍ ലൊക്കേഷന്‍ നോക്കി പിടിച്ചതായാണ് പറയുന്നത്. വിദ്യ രണ്ടാഴ്ചക്കാലം ഒളിവില്‍ കഴിഞ്ഞത് പാര്‍ട്ടി സഹായത്തിലാണെന്ന ശക്തമായ ആരോപണം പ്രതിപക്ഷം ഉന്നയിച്ചതാണ്. ഇത്രയും വാര്‍ത്താ പ്രാധാന്യം നേടിയ കേസില്‍പെട്ട ഒരു യുവതിക്ക് ഒളിച്ചുകഴിയുക എന്നത് അസംഭവ്യമാണെന്നും . കോടതിയും കൈവിട്ടതോടെ പൊലീസുമായി ഒത്തു തീര്‍പ്പില്‍ വിദ്യയെ പിടികൂടുകയായിരുന്നുവെന്നുമാണ് ആരോപണം.