പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല വീഡിയോ അയച്ച ബാലസംഘം സംസ്ഥാന നേതാവിനെതിരെ നടപടി

Advertisement

തൃശൂര്‍. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല വീഡിയോ അയച്ച ബാലസംഘം സംസ്ഥാന നേതാവിനെതിരെ പാര്‍ട്ടി നടപടി. ഗുരുവായൂർ സ്വദേശി ജി എൻ രാമകൃഷ്ണനെതിരെ പെൺകുട്ടിയും കുടുംബവും സിപിഎം ഏരിയ കമ്മിറ്റിക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രാമകൃഷ്ണനെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.

എസ്എഫ്ഐ കോട്ടപ്പുറം ലോക്കൽ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും എസ് എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റി അംഗവുമായ ജി എൻ രാമകൃഷ്ണനെതിരെ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വാട്ട്‌സ് ആപ്പിലൂടെ അശ്ലീല വീഡിയോ അയക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയും കുടുംബവും സിപിഐഎം ചാവക്കാട് ഏരിയ നേതൃത്വത്തിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഏരിയ കമ്മിറ്റി അംഗമായ കെ പി വിനോദ്, ജോഫി കുര്യൻ എന്നിവരെ പാർട്ടി അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അന്വേഷണത്തിൽ രാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. മുൻപും ഇയാൾക്കെതിരെ പല പെൺകുട്ടികളും പരാതിപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ഗുരുവായൂരിലെ ദേവസ്വം ഉദ്യോഗസ്ഥനെ ജാതി പറഞ്ഞ് ആക്ഷേപിച്ച സംഭവത്തിലും രാമകൃഷ്ണൻ നടപടി നേരിട്ടിട്ടുണ്ട്. ഇതോടെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാമകൃഷ്ണനെ പുറത്താക്കുകയായിരുന്നു. ബാലസംഘം എസ്എഫ്ഐ ഭാരവാഹിത്വങ്ങളിൽ നിന്നും രാമകൃഷ്ണനെ നീക്കണമെന്ന് സിപിഎം നിർദേശം നൽകും . തുടർന്ന് ചേരുന്ന കമ്മിറ്റികൾ അത് സംബന്ധിച്ച് നിർദ്ദേശം നടപ്പിലാക്കും.

Advertisement