സംസ്ഥാനത്ത് എയിംസ് ,ബാലുശേരിയിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കും,സർക്കാർ ഉത്തരവിറക്കി

Advertisement

കോഴിക്കോട്. വിവാദങ്ങൾക്കിടെ സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതിനായി ബാലുശേരി കിനാലൂരിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവിറക്കി.പദ്ധതിക്കായി 200 ഏക്കർ സ്ഥലമാണ് സംസ്ഥാനം വാഗ്ദാനം ചെയ്തത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ 15 ദിവസത്തിനകം കൊയിലാണ്ടി സ്പെഷൽ തഹസിൽദാറെ രേഖാമൂലം അറിയിക്കണം.

കിനാലൂർ, കാന്തലാട് വില്ലേജുകളിൽ കെ എസ് ഐ ഡി സിയുടെ കൈവശത്തിലുള്ള ഭൂമിക്കുപുറമെ 193 കുടുംബങ്ങളുടെയും ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും  40.6802 ഹെക്ടറാണ് ഏറ്റെടുക്കുന്നത്.    മുഴുവൻ ഭൂവുടമകളും ഭൂമി വിട്ടുകൊടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ ആക്ഷേപമുണ്ടെങ്കിൽ 15 ദിവസത്തിനകം കൊയിലാണ്ടി സ്പെഷൽ തഹസിൽദാറെ രേഖാമൂലം അറിയിക്കണം.

കെഎസ്ഐഡിസി റവന്യു വകുപ്പിന് കൈമാറിയ ഭൂമി മെഡിക്കൽ വിദ്യാഭ്യാസ ബോർഡിന് നൽകുന്ന നടപടിക്രമങ്ങൾ പൂർത്തിയായി.    കെഎസ്ഐഡിസിയുടെ 153.46 ഏക്കർ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടതോടെയാണ് ബാലുശേരി മണ്ഡലത്തിലെ കിനാലൂരിൽ കെഎസ്ഐഡിസി ഭൂമി ഏറ്റെടുക്കൽ  വേഗത്തിലാക്കിയത്. കെഎസ്ഐഡിസി വിട്ടുനൽകിയ ഭൂമി സംസ്ഥാന റവന്യു വിഭാഗം അളന്ന് തിട്ടപ്പെടുത്തി  ആരോഗ്യവകുപ്പിന് കൈമാറാനുള്ള നടപടിക്രമങ്ങൾ നേരത്തെ  പൂർത്തിയായിരുന്നു. 

Advertisement