കായംകുളം. വ്യാജ ഡിഗ്രി കേസിലെ പ്രതി മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ രണ്ടാം ദിവസവും പിടികൂടാനാകാതെ പൊലീസ്. നിഖിലിനെ സഹായിച്ചു എന്ന സംശയത്താൽ ഇന്നലെ കസ്റ്റഡിലെടുത്ത സിപിഎം പ്രാദേശിക നേതാവിനെ ചോദ്യം ചെയ്ത ശേഷം
വിട്ടയച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എംഎസ്എം കോളേജ് ഇന്നും നാളെയും അടച്ചിടാൻ മാനേജ്മെന്റ് തീരുമാനിച്ചു. അധ്യാപകരുടെയും സ്റ്റാഫുകളുടെയും മൊഴിയെടുപ്പും തെളിവ് ശേഖരണവും കോളേജിൽ പൊലീസ് ഇന്നും തുടരും
അതേസമയം വിവാദത്തിൽ, എംഎസ്എം കോളേജിനോട് കൂടുതൽ വിശദീകരണം തേടാൻ കേരള സർവ്വകലാശാല.
പ്രിൻസിപ്പലും എച്ച്ഒഡിയും മാറിയതിനാൽ ക്രമക്കേട് അറിഞ്ഞിരുന്നില്ലെന്നായിരുന്നു കോളേജിൻറെ പ്രാഥമിക വിശദീകരണം. അഡ്മിഷൻ കമ്മിറ്റിയാണ് രേഖകൾ പരിശോധിച്ചതെന്നും എംഎസ്എം കോളേജ് പ്രിൻസിപ്പൽ അറിയിച്ചിരുന്നു.
എന്നാൽ ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ സർവ്വകലാശാല കോളേജിനോട് കൂടുതൽ വിശദീകരണം ആവശ്യപ്പെടും. നിഖിൽ മൂന്ന് വർഷം പഠിച്ച് പരാജയപ്പെട്ട വിവരം കോളേജ് അധ്യാപകർ അറിഞ്ഞിരുന്നില്ലേ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. കൃത്യമായ വിശദീകരണം ലഭ്യമായ ശേഷമാകും തുടർനടപടികൾ. ഈ മാസം 27ന് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ കോളേജിനെതിരെയുള്ള നടിപടികൾ തീരുമാനിക്കും.