തിരുവനന്തപുരം . സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ എസ് എഫ് ഐ യെ നിരോധിക്കുകയാണ് വേണ്ടതെന്ന് ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു. പ്രൗഢമായ പാരമ്പര്യമുള്ള കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഏറെക്കുറെ അരാജകത്വത്തിൻ്റെ പടുകുഴിയിൽ ആണ് അകപ്പെട്ടിരിക്കുന്നത്.
ഏറാൻ മൂളികളെ വൈസ് ചാൻസലർമാരാക്കിയും ഭരണകക്ഷിയുടെ നേതാക്കന്മാരുടെ ഭാര്യമാരെ അസോസിയേറ്റ്/അസിസ്റ്റൻ്റ് പ്രൊഫസർമാരാക്കിയുമാണ് സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ ചൊൽപ്പടിയിലാക്കാൻ ശ്രമിച്ചത്. ഇതിനെതിരെ ഭരണ ഘടനാപരമായി പ്രതിരോധിച്ച ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനായിരുന്നു സർക്കാരിൻ്റെ വ്യഗ്രത.
സംസ്ഥാനത്തെ സർവകലാശാലകളിലും കോളജുകളിലും കേട്ടുകേൾവി പോലുമില്ലാത്ത അസംബന്ധങ്ങളാണ് അരങ്ങേറുന്നത്. ഭരണകക്ഷി യൂണിയനിൽപെട്ട അധ്യാപകരുടെ ഒത്താശയോടെയും പ്രതിപക്ഷ യൂണിയനിലെ അധ്യാപകരെ ഭീഷണിപ്പെടുത്തിയുമാണ് എസ് എഫ് ഐ ക്കാർ ഉന്നത വിദ്യാഭ്യാസമേഖലയെ തകർത്തത്. ഒറ്റപ്പെട്ട സംഭവമെന്ന് ലഘൂകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ തട്ടിപ്പുകളെ ന്യായീകരിക്കുന്നു.
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച കൗൺസിലറുടെ പേര് വെട്ടിമാറ്റി എസ് എഫ് ഐ നേതാവിൻ്റെ പേര് തിരുകി കയറ്റിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലും പോലീസിനായിട്ടില്ല. കേരളത്തിൽ ഗവൺമെൻ്റ് മേഖലയിലെ ഒരേയൊരു ആട്ടോണമസ് കോളജായ എറണാകുളം മഹാരാജാസിൽ പരീക്ഷ എഴുതാതെ വിജയിച്ചത് സാക്ഷാൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി തന്നെയാണ്. കാസർകോട് കരിന്തളം കോളജിലും പാലക്കാട് അട്ടപ്പാടി കോളജിലും, എറണാകുളം മഹാരാജാസ് കോളജിൻ്റെ പേരിൽ വ്യാജ രേഖകളുണ്ടാക്കി താൽക്കാലിക നിയമനം നേടിയത് എസ് എഫ് ഐ യുടെ സമുന്നതയായ വനിതാ നേതാവാണ്. കായംകുളം എം എസ് എം കോളജിൽ ഡിഗ്രിക്ക് പഠിച്ച് തോറ്റ എസ് എഫ് ഐ നേതാവ് ഛത്തീസ്ഘട്ടിലെ കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റുകളുണ്ടാക്കി കേരള യൂണിവേഴ്സിറ്റിയേയും എം എസ് എം കോളജിനെയും പറ്റിച്ച് എം കോമിന് പ്രവേശനം നേടിയതിനെ ന്യായീകരിച്ച് രംഗത്ത് വന്നതാകട്ടെ എസ് എഫ് ഐ സംസ്ഥാന നേതൃത്വം തന്നെയാണ്. കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ യൂണിവേഴ്സിറ്റി രജിസ്ട്രാറും സത്യം വെളിപ്പെടുത്തിയതോടെയാണ് എസ് എഫ് ഐ നേതൃത്വം തട്ടിപ്പുകാരനായ നിഖിൽ തോമസിനെ പുറത്താക്കാൻ തയാറായത്. കാലടി സർവകലാശാലയിൽ ഡിഗ്രി തോറ്റ വിദ്യാർത്ഥികൾക്ക് പി ജി പ്രവേശനം നൽകിയതും കേരള യൂണിവേഴ്സിറ്റിയുടെ ഉത്തര ഷീറ്റുകൾ എസ് എഫ് ഐ നേതാക്കളുടെ പക്കൽ നിന്ന് കണ്ടെടുത്തതും അധികമാരും മറന്നിട്ടില്ല.
ഏറ്റവും ഒടുവിൽ എം ജി സർവകലാശാലയിൽ നിന്നും പൂരിപ്പിക്കാത്ത 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പി ജി സർട്ടിഫിക്കറ്റുകളും കാണാതായ വിവരമാണ് പുറത്ത് വന്നത്. മര്യാദയ്ക്ക് പഠിച്ച് പരീക്ഷ എഴുതിയ കുട്ടികളുടെ സർട്ടിഫിക്കറ്റിൻ്റെ വിശ്വാസ്യതയാണ് ഇത്തരം വ്യാജന്മാരുടെ വരവോടെ തകർന്നിരിക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് സമ്പാദിച്ച സർട്ടിഫിക്കറ്റുമായ ഉപരി പഠനത്തിനോ തൊഴിലിനോ വേണ്ടി മറ്റ് സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ പോകുന്ന സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഭാവിക്കു മേലാണ് ഇത്തരം തട്ടിപ്പ് സംഘടനകൾ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. എസ് എഫ് ഐ യുടേത് വിദ്യാർത്ഥി സംഘടനാ പ്രവർത്തനമല്ല. മറിച്ച്; യുവാക്കളുടെ ഭാവി തകർക്കുന്ന ഭീകര പ്രവർത്തനം തന്നെയാണെന്ന് കരുതേണ്ടിവരുമെന്ന് ദേശീയ അധ്യാപക പരിഷത്ത് (NTU) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ പറഞ്ഞു..