തിരുവനന്തപുരം.സംസ്ഥാനത്ത് പകർച്ചപ്പനി മരണങ്ങൾ വർദ്ധിക്കുന്നതിനിടെ അടിയന്തര യോഗം ചേർന്ന് സർക്കാർ. ആരോഗ്യ തദ്ദേശ വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത യോഗമാണ് ചേർന്നത്. പകർച്ച പനി പ്രതിരോധത്തിലുള്ള നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് യോഗത്തിൽ മുന്നോട്ട് വച്ചു. അതിനിടെ കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാളും തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാളും മരിച്ചു
സംസ്ഥാനത്ത് ഡെങ്കിപ്പനി എലിപ്പനി മരണങ്ങൾ വർദ്ധിക്കുന്നത് കടുത്ത ആശങ്കയാണ്. ഇന്നും തിരുവനന്തപുരത്ത് യുവാവ് എലിപ്പനി ബാധിച്ച് മരിച്ചു. കാരേറ്റ് പേടികുളം സ്വദേശി പ്രദീപ്കുമാറാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത് . കൊല്ലം കോട്ടാത്തല സ്വദേശി അജയ ബാബുവിന്റെ മരണവും ഡെങ്കിപ്പനി മൂലമെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് വിവിധ വകുപ്പുകളുടെ സംയുക്ത യോഗം സർക്കാർ വിളിച്ചു ചേർത്തത്. പകർച്ച പനി പ്രതിരോധത്തിലുള്ള നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് യോഗത്തിൽ മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് തദ്ദേശ വിദ്യാഭ്യാസ വകുപ്പുകൾ പൂർണ പിന്തുണയറിയിച്ചു .ജൂലൈയോടെ ഡെങ്കിപ്പനി, എലിപ്പനി വ്യാപനം പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാളെയും ശനി ,ഞായർ ദിവസങ്ങളിലും പരിസര ശുചീകരണത്തിന് സർക്കാർ ആഹ്വാനം നൽകിയിട്ടുണ്ട്