കോട്ടയം. പുതുപ്പള്ളി തോട്ടയ്ക്കാട് ഓടിക്കൊണ്ടിരുന്ന പാചകവാതക ലോറിക്ക് തീപിടിച്ചു. ഉച്ചയ്ക്ക് 11.45 യോടെയായിരുന്നു സംഭവം. വാഹനം നിന്നുപോയതിനെ തുടർന്ന് ഡ്രൈവർ പാലാ സ്വദേശി മനോജ് നടത്തിയ പരിശോധനയിലാണ് എൻജിന്റെ ഭാഗത്തുനിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. മനോജ് ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു.
അരമണിക്കൂറിനുള്ളിൽ വാഹനത്തിന്റെ ഡ്രൈവർ ക്യാബിൻ പൂർണമായും കത്തി നശിച്ചു. കോട്ടയത്തുനിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഗ്യാസ് നിറച്ച 7 എണ്ണം ഉൾപ്പെടെ നൂറോളം ഗ്യാസ് സിലിണ്ടറുകൾ വാഹനത്തിൽ ഉണ്ടായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ വാഹനഗതാഗതം പൂർണമായും വഴിതിരിച്ചു വിട്ടു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.