വ്യാജ മുൻ പരിചയ സർട്ടിഫിക്കറ്റ്, വിദ്യ അട്ടപ്പാടി ഗവ. കോളേജ് പ്രിൻസിപ്പലിന് പണി കൊടുത്തു

Advertisement

മണ്ണാര്‍ക്കാട്. വ്യാജ മുൻ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ അഗളി പോലീസ് അറസ്റ്റ് ചെയ്ത വിദ്യയുടെ തെളിവെടുപ്പ് ഇന്ന് നടത്തും. തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ. കോളേജ് പ്രിൻസിപ്പല്‍ ഇന്ന് അഗളി പോലീസ് മുൻപാകെ മൊഴിനൽകാൻ എത്തും. തനിക്കെതിരെ നടന്നത് അട്ടപ്പാടി കോളേജ് പ്രിൻസിപ്പല്‍ കൂടെ അറിഞ്ഞുള്ള ഗൂഢാലോചനയാണെന്ന് വിദ്യ പോലീസിൽ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിൻസിപ്പല്‍ തെളിവെടുപ്പിന് ഹാജരാവുന്നത് . തനിക്ക് വിദ്യയെ മുന്‍പരിചയമേ ഇല്ലെന്നും. അങ്ങനെയുള്ള താന്‍ എന്തിനാണ് ഗൂഡാലോചന നടത്തുന്നതെന്നും പ്രിന്‍സിപ്പല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയതാണ്.

ആര്‍ഷോയുടെ കേസില്‍ ഇതേ ഗൂഡാലോചനാവാദമാണ് എസ്എഫ്ഐ ഉയര്‍ത്തിയത് എന്നും ശ്രദ്ധേയം. വിദ്യ കേസ് കൊടുത്തില്ല എന്നുമാത്രം.

രണ്ടു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘത്തിന് കോടതി അനുവദിച്ചിട്ടുള്ളത്. ഇതിന് ശേഷം വിദ്യയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡി എന്ന നിലയിൽ റിമാൻഡിൽ വിടുകയും ചെയ്യും.

അതേസമയം കാസർഗോഡ് കരിന്തളം ഗവ.കോളജിൽ വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കി അധ്യാപക നിയമനം നേടിയ കേസിൽ കെ.വിദ്യയെ അറസ്റ്റ് ചെയ്യാൻ നീലേശ്വരം പോലീസ് നീക്കം തുടങ്ങി. ഇതിനായി മണ്ണാർക്കാട് കോടതിയിൽ ഇന്ന് അപേക്ഷ സമർപ്പിക്കും. അഗളി കേസിലെ നടപടി തുടരുമ്പോൾ തന്നെ വിദ്യയെ കസ്റ്റഡിയിൽ വാങ്ങാനാണ് നീലേശ്വരം പൊലീസിന്റെ നീക്കം. വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനലും, സീലും കണ്ടെത്തുക കേസിൽ നിർണായകമാണ്. ഇതിനായി നേരത്തെ വിദ്യയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല

Advertisement