വാർത്താനോട്ടം

Advertisement

2023 ജൂൺ 23 വെള്ളി

BREAKING NEWS

👉 എറണാകുളം കോതാട് പട്ടി കുറുകെ ചാടി ബൈക്ക് യാത്രാക്കാരൻ മൂലമ്പള്ളി സ്വദേശി സോൾട്ടൻ (24) കണ്ടെയ്നർ ലോറിക്കിടയിൽപ്പെട്ട് മരിച്ചു.

👉തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ 5 വയസ്സുകാരനെ പുലി കടിച്ചു.

👉 ടൈറ്റാനിക്കിൻ്റെ അവശിഷ്ടം കാണാൻ അന്തർവാഹിനിയിൽ പോയ 5 പേരും മരിച്ചതായി വിവരം.

👉 കെ.വിദ്യയുടെ റിമാൻ്റ് റിപ്പോർട്ടിൽ അട്ടിമറിയെന്ന് കോൺഗ്രസ്

👉 സംസ്ഥാനത്ത് പകർച്ച പനി വ്യാപിക്കുന്നു.

👉 അസമിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു. ലക്ഷത്തിലേറെപ്പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

കേരളീയം

🙏പകര്‍ച്ചപ്പനി ഭീഷണിയായിരിക്കേ, സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇന്നു രാവിലെ സ്‌കൂളുകളില്‍ ആരോഗ്യ അസംബ്ലി ചേരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ശുചീകരണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപകന്‍ സംസാരിക്കുകയും നാളെ ശുചീകരണ പ്രവര്‍ത്തനം നടത്തുകയും വേണം. ഇടുക്കി അണക്കര സ്‌കൂള്‍ ഗ്രീന്‍ ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ് ആയി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

🙏ഇന്നു സംസ്ഥാനവ്യാപകമായി എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ നയത്തിനെതിരെ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായതോടെ പോലീസ് നേരിട്ടതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

🙏വ്യാജ ജോലിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ കെ വിദ്യയെ രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി ശനിയാഴ്ച പരിഗണിക്കും. വിദ്യയെ പിടികൂടിയത് വില്യാപ്പള്ളി രാഘവന്റെ വീട്ടില്‍നിന്നാണെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. രാഘവന്റെ മകന്‍ റോവിത് കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകനാണ്. പ്രതിക്കെതിരെ സമാനമായ കേസ് വേറെയുണ്ടെന്നും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

🙏വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമായ നിഖില്‍ തോമസിനെ പുറത്താക്കിയത്.

🙏പൊതുമുതല്‍ നശിപ്പിച്ചതിനു മന്ത്രി മുഹമ്മദ് റിയാസ് അടക്കം 12 നേതാക്കള്‍ കോടതി ഉത്തരവനുസരിച്ച് മൂന്നു ലക്ഷത്തി എണ്‍പതിനായിരം രൂപ പിഴയടച്ചു. 2011 ല്‍ വടകര തപാല്‍ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലാണു മന്ത്രി മുഹമ്മദ് റിയാസും കൂട്ടുപ്രതികളും നഷ്ടപരിഹാരത്തുക അടച്ചത്.

🙏മലപ്പുറം കുഴിമണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചോദ്യപേപ്പര്‍ മോഷണം പോയതുമൂലം സര്‍ക്കാരിനുണ്ടായ നഷ്ടമായ മുപ്പത്തെട്ടു ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി എഴുപത്തി രണ്ട് രൂപ പ്രിന്‍സിപ്പല്‍ അടക്കമുള്ള നാലു ജീവനക്കാരില്‍ നിന്ന് ഈടാക്കണമെന്ന് ഉത്തരവ്. പരീക്ഷ ചുമതലയുള്ള ചീഫ് സൂപ്രണ്ട് ഡി ഗീത, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരായ ടി മുഹമ്മദലി, കെ മഹറൂഫ്, വാച്ച്മാന്‍ ടി അബ്ദുല്‍ സമദ് എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

🙏കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിനെ അംഗീകരിച്ച ഹൈക്കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതിവിധിയെക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

🙏കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരായ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവു റദ്ദാക്കിയ ഡിവിഷന്‍ ബഞ്ചിന്റെ വിധി യുജിസി മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണെന്ന് സേവ് യൂണിവേഴ്സിറ്റി കാംപെയിന്‍. അധ്യാപക നിയമന, പ്രമോഷന്‍ നടപടികളില്‍ ഇതു ദൂരവ്യാപക പ്രതിസന്ധി സൃഷ്ടിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

🙏വ്യാജ സര്‍ട്ടിഫിക്കറ്റു കേസില്‍ കെഎസ് യു നേതാവ് അന്‍സില്‍ ജലീലിന്റെ അറസ്റ്റ് ഇന്നുവരെ ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണു നടപടി. നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ ഇന്നത്തേക്കു സമയം തേടിയിരുന്നു. പോലീസ് ആരോപിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് അന്‍സില്‍ ജലീല്‍ എവിടെയെങ്കിലും ഹാജരാക്കിയതിന്റെ തെളിവുണ്ടോയെന്നു കോടതി ചോദിച്ചു.

🙏പൊതുമുതല്‍ നശിപ്പിച്ചതിനു നഷ്ടപരിഹാരം അടയ്ക്കാന്‍ ശിക്ഷിക്കപ്പെട്ട മന്ത്രി മുഹമ്മദ് റിയാസ് രാജിവക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പൊതുമുതല്‍ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ കിയോസ്‌ക്ക് നശിപ്പിച്ചത്.

🙏എല്‍.എഡി.എഫില്‍ അനൈക്യം വളരുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്‍.എഡി.എഫ് ഘടകകക്ഷി നേതാവായ എം.വി ശ്രേയാംസ് കുമാറിനെതിരെ സി.പി.എം സൈബര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. സതീശന്‍ ചൂണ്ടിക്കാട്ടി.

🙏വ്യാജ രേഖ കേസിലെ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്കു തെളിവു നശിപ്പിക്കാന്‍ പോലീസ് സാവകാശം നല്‍കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

🙏വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ വിദ്യയെ സിപിഎം നേതാക്കള്‍ സംരക്ഷിച്ചിട്ടില്ലെന്ന് സിപിഎം പേരാമ്പ്ര ഏരിയ സെക്രട്ടറി എം കുഞ്ഞഹമ്മദ്. വിദ്യ എവിടെയാണ് താമസിച്ചതെന്ന് അറിയില്ല. പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നും കുഞ്ഞഹമ്മദ് വ്യക്തമാക്കി.

🙏മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലേക്കു തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കെ എച്ച് ബാബുജാന്‍. അഡ്മിഷന്‍ കാലയളവില്‍ നിരവധി പേര്‍ സമീപിക്കാറുണ്ട്. ആര്‍ക്കൊക്കെ ശുപാര്‍ശ ചെയ്തെന്ന് ഓര്‍മയില്ലെന്ന് ബാബുജാന്‍ പ്രതികരിച്ചു.

🙏’തൊപ്പി’ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ നിഹാലിനെതിരെ വളാഞ്ചേരിയില്‍ കേസ്. കടയുടെ ഉദ്ഘാടനത്തിനു തെറിപ്പാട്ടു പാടിയതിനും ഗതാഗതം തസപ്പെടുത്തിയതിനുമാണു കേസ്. കട ഉടമയ്ക്കെതിരെയും കേസെടുത്തു. വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീന്‍ നല്‍കിയ പരാതിയിലാണ് കേസ്.

🙏കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തന്നെ കുടുംബത്തോടെ ഇല്ലാതാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്ന് പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെതിരേ പരാതി നല്‍കിയ അനൂപ് അഹമ്മദ്. ക്രൈംബ്രാഞ്ചിനാണ് ഇങ്ങനെ മൊഴി നല്‍കിയത്.

🙏രണ്ട് എന്‍ജിനീയറിംഗ് കോളജുകള്‍ക്ക് എന്‍ബിഎ അക്രഡിറ്റേഷന്‍. ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ്, തിരുവനന്തപുരം പുജപ്പുരയിലെ എല്‍ ബി എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമന്‍സ് എന്നീ കോളേജുകളാണ് മികവിന്റെ നേട്ടം സ്വന്തമാക്കിയതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

🙏ഇടുക്കി കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്‌കൂള്‍ അധ്യാപികയായ അനുമോളെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഭാര്യയെ കാണാനില്ലെന്നു പോലീസില്‍ പരാതി നല്‍കിയ മുങ്ങിയ പ്രതി ഭര്‍ത്താവ് ബിജേഷിനെ ഒരാഴ്ചയ്ക്കുശേഷമാണു പോലീസ് പിടികൂടിയത്.

🙏പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പോക്സോ കേസില്‍ ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയെ കൊച്ചിയില്‍ നിന്നാണ് പിടികൂടിയത്. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് അധ്യാപികയുടെ മൊഴി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അധ്യാപികയ്ക്കെതിരെ നേരത്തെയും പൊലീസ് കേസെടുത്തിരുന്നു.

🙏കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ച 60 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. പാലുത്പന്നമായ ചീസിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. അബുദാബിയില്‍നിന്നു കൊറിയര്‍ ഏജന്‍സി വഴി സലീജ് എന്നയാളാണ് മലപ്പുറം സ്വദേശി ജാബില്‍ ഉത്തേ എന്നയാളുടെ വിലാസത്തിലേക്ക് കൊറിയര്‍ അയച്ചത്.

ദേശീയം

🙏ഇന്ത്യന്‍ വ്യോമസേനയ്ക്കായി യുദ്ധവിമാന എന്‍ജിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ കമ്പനിയുമായി ധാരണ. ബഹിരാകാശ പര്യവേഷണത്തിന് ഇരു രാജ്യങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കും. ബെഗളൂരുവിലും അഹമ്മദാബാദിലും യുഎസ് കോണ്‍സുലേറ്റ് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സുപ്രധാന തീരുമാനങ്ങള്‍. യുദ്ധവിമാന എന്‍ജിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക് എയ്റോസ്പേസ് ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സുമായി ധാരണാപത്രം ഒപ്പിട്ടു.

🙏ഡല്‍ഹിയിലെ അധികാരം കൈക്കലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരേ കോണ്‍ഗ്രസ് തങ്ങളെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ ഇന്ന് ബിഹാറിലെ പാറ്റ്നയില്‍ നടക്കുന്ന വിശാല പ്രതിക്ഷ നേതൃയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി.

🙏ചെന്നൈയില്‍ ട്രെയിനിനു തീപിടിച്ചു. ചെന്നൈ -മുംബൈ ലോകമാന്യ തിലക് എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. ട്രെയിനിന്റെ എന്‍ജിനില്‍നിന്ന് എസിയിലേക്കുള്ള കേബിളിലാണ് തീപിടിത്തമുണ്ടായത്.

🙏ചെന്നൈയില്‍നിന്നു തട്ടിക്കൊണ്ടുപോയ യുവ ഗായകന്‍ ദേവ് ആനന്ദിനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ വച്ച് അക്രമി സംഘത്തെ കാര്‍ തടഞ്ഞാണ് പൊലീസ് പിടികൂടിയത്. തട്ടിക്കൊണ്ടു പോകുകയായിരുന്ന നാലു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തംഗ സംഘമാണ് ദേവാനന്ദിനെ തട്ടിക്കൊണ്ടുപോയത്.

🙏പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്വിമം കാണിച്ചെന്ന് ആരോപിച്ച് ജമ്മുകാഷ്മീരില്‍ രണ്ടു ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ഡോ ബിലാല്‍ അഹമ്മദ് ദലാല്‍, ഡോ നിഗാത് ഷഹീന്‍ ചിലൂ എന്നിവരെയാണ് പിരിച്ചുവിട്ടത്. പാക്കിസ്ഥാനിലെ ചില സംഘങ്ങളുടെ താല്‍പര്യങ്ങള്‍ക്കു കൂട്ടുനിന്നെന്നും ഇവര്‍ക്കെതിരേ ആരോപണമുണ്ട്.

🙏അമേരിക്കയിലും വൈറ്റ് ഹൗസിലും തനിക്കു ലഭിച്ച വരവേല്‍പ്പ് 140 കോടി ഇന്ത്യാക്കാര്‍ക്കുള്ള ആദരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുമായുള്ള ബന്ധം ശക്തവും ആഴത്തിലുള്ളതുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.

അന്തർദേശീയം

🙏അറ്റ്ലാന്റിക്ക്
സമുദ്രത്തില്‍ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിക്കകത്തെ മൂന്നു കോടീശ്വരന്മാര്‍ അടക്കമുള്ള അഞ്ചു യാത്രക്കാര്‍ മരിച്ചെന്ന് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ്. ഓഷന്‍ഗേറ്റ് ടൈറ്റന്‍ എന്ന അന്തര്‍വാഹിനിയുടേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഞായറാഴ്ച മുതല്‍ കാണാതായ അന്തര്‍വാഹിനിയില്‍ 96 മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്സിജനാണ് ഉണ്ടായിരുന്നത്.

🙏ഒട്ടിച്ചേര്‍ന്ന തലകളുമായി ജീവിച്ച സയാമീസ് ഇരട്ടകളായ സല്‍മായെയും സാറയെയും 17 മണിക്കൂര്‍ നീണ്ട അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പെടുത്തി. സൗദി തലസ്ഥാനമായ റിയാദിലെ ആശുപത്രിയില്‍ 31 വിദഗ്ധ ഡോക്ടര്‍മാരും നിരവധി അനുബന്ധ ജീവനക്കാരും നഴ്സുമാരും സാങ്കേതിക വിദഗ്ധരും സ്പെഷ്യലിസ്റ്റുകളുമെല്ലാം ചേര്‍ന്നാണു ശസ്ത്രക്രിയ നടത്തിയത്.

കായികം

🙏ഇന്ത്യയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ഫുട്‌ബോള്‍ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്‌സ്. സി.ഐ.ഇ.എസ് ഫുട്‌ബോള്‍ ഒബ്‌സെര്‍വേറ്ററി വീക്കിലി പോസ്റ്റിന്റെ കണക്കുകള്‍ പ്രകാരമാണ് 6.7 മില്യണ്‍ ഫോളോവേഴ്‌സുമായി ബ്ലാസ്റ്റേഴ്‌സ് ഇന്ത്യയില്‍ ഒന്നാമതെത്തിയത്. അതോടൊപ്പം ലോകത്തില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള 100 ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമായി ബ്ലാസ്റ്റേഴ്‌സ് മാറി. ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ലോകത്തില്‍ 70-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.