ഇടുക്കി: ഇടുക്കി കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്കൂൾ അധ്യാപികയായ അനുമോളെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
അധ്യാപികയായിരുന്ന അനുമോളെ കഴിഞ്ഞ മാർച്ച് 21 നാണ് സ്വന്തം വീടിനുളളിൽ കട്ടിലിനടിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തിരുന്നു.
വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച ശേഷം മുങ്ങിയ ഭർത്താവ് ബിജേഷിനെ ഒരാഴ്ചത്തെ തിരച്ചിലിനൊടുവിൽ കുമളിയിൽ നിന്നുമാണ് പിടികൂടിയത്. തമിഴ്നാട്ടിൽ പലയിടങ്ങളിലായി ഒളിവിൽ താമസിച്ച ഇയാൾ തിരികെ അതിർത്തി മേഖലയിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.കാഞ്ചിയാർ പേഴുംകണ്ടത്തെ വീട്ടിൽ വെച്ചായിരുന്നു അരുംകൊല നടത്തിയത്. കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ കട്ടപ്പന കോടതിയിൽ കുറ്റപത്രം നൽകിയത്.
കൊലപാതകം നടന്ന വീട്ടിൽ നിന്ന് മൃതദേഹത്തിൽ നിന്നും ഉൾപ്പടെ ലഭിച്ചിട്ടുള്ളവിരലടയാളങ്ങൾ, അനുമോളുടെ സ്വർണ്ണം പണയപ്പെടുത്തിയ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച തെളിവുകൾ, മൊബൈൽ ഫോണ്‍ വിറ്റ ആളുടെ മൊഴി, പ്രതി ഒളിവിൽ പോയപ്പോഴത്തെ സി സി ടി വി ദൃശ്യങ്ങൾ, ഫോറൻസിക് റിപ്പോർട്ട് തുടങ്ങിയയെല്ലാം പൊലീസ് ശേഖരിച്ചിരുന്നു. പ്രതി ബിജേഷിനെ സംഭവ സ്ഥലത്തും ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും തെളിവെടുത്തിരുന്നു. കൊലപാതകത്തിന് ശേഷം അനുവിനെ കാണാതായെന്ന് യുവതിയുടെ ബന്ധുക്കളെ അടക്കം തെറ്റിദ്ധരിപ്പിച്ചാണ് പ്രതി മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്നത്. സംശയം തോന്നാതെയിരിക്കാനായി ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാൾ പൊലീസിൽ പരാതിയും നൽകിയിരുന്നു.