തിരുവനന്തപുരം.സംസ്ഥാനത്ത് വീണ്ടും പകര്‍ച്ചപ്പനി മരണം. തൃശൂര്‍ ചാഴൂരില്‍ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിയും തിരുവനന്തപുരം കാട്ടാക്കട സ്വദേശിയും പനി ബാധിച്ച് മരിച്ചു. പ്രതിദിന രോഗികളുടെ എണ്ണം 13000 ന് മുകളിലാണ്. പത്തു ദിവസത്തിനിടെ 1,12,294 പേര്‍ രോഗബാധിതരായി. ഡെങ്കിപ്പനിയും എലിപ്പിനിയും വ്യാപിച്ചതോടെ സംസ്ഥാന തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കി. സ്‌കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചാഴൂര്‍ എസ്.എന്‍.എം.എച്ച്.എസ് സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥി ധനിഷ്‌കാണ് ഇന്ന് പനി ബാധിച്ച് മരിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിജയന്റെ മരണവും ഡെങ്കിപ്പനിയെ തുടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. പത്തു ദിവസത്തിനിടെ രോഗബാധിതരായത് 1,12,294 പേര്‍. ഇന്നലെ മാത്രം 13,409 പേരാണ് ചികിത്സ തേടിയത്. ഇന്നലെ പനിബാധിതര്‍ ഏറെയും മലപ്പുറത്താണ് 2051 പേര്‍.തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് ജില്ലകളില്‍ ഇന്നലെ പനിബാധിച്ച് ചികിത്സതേടിയവര്‍ ആയിരത്തിലധികമാണ്. ഈവര്‍ഷം ഇന്നലെ വരെ വിവിധതരം പകര്‍ച്ചപനികള്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം 113 ആയി. ഇതില്‍ ഡെങ്കിയും എലിപ്പനിയുമാണ് കൂടുതല്‍ പേരുടെ ജീവനെടുത്തത്. പനി കേസുകള്‍ ഉയര്‍ന്നതോടെ സംസ്ഥാന തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി നിര്‍വഹിച്ചു
വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തേണ്ട മഴക്കാല പൂര്‍വശുചീകരണവും ആശുപത്രികള്‍ സജ്ജമാക്കലും വൈകിയെന്നും ആക്ഷേപമുണ്ട്. പനി മരണങ്ങള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രതയും കരുതലും വേണമെന്നാണ് മുന്നറിയിപ്പ്